ശബരിമല പ്രതിഷേധം സ്ത്രീകളുടെ അന്തസ്സിനെതിരായ സമരം: എഴുത്തുകാർ

തൃശൂർ
ശബരിമലയിൽ പ്രായപരിധിയുടെ അടിസ്ഥാനത്തിൽ സ‌്ത്രീകൾക്ക് ഏർപ്പെടുത്തിയ ആരാധനാവിലക്ക് അവസാനിപ്പിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങൾ കാലഹരണപ്പെട്ട മത‐വിശ്വാസ രാഷ്ട്രീയത്തെ പുനരുദ്ധരിക്കുന്നവയാണെന്ന‌് പ്രമുഖ എഴുത്തുകാർ പ്രസ‌്താവനയിൽ പറഞ്ഞു. തുല്യതയും ലിംഗനീതിയും ഉറപ്പുനൽകുന്ന ഭരണഘടനയ്ക്കും സ്ത്രീകളുടെ അന്തസിനും എതിരായ സമരങ്ങളാണ് നടക്കുന്നത‌്. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തി, സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുന്ന പെണ്ണിനോടുള്ള ആണധികാരത്തിന്റെ പ്രാചീനഭയമാണ് ഇതിനുപിന്നിൽ. അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കാനാണോ സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്നും എഴുത്തുകാർ പ്രസ‌്താവവനയിൽ ചോദിച്ചു.
എം ജി എസ് നാരായണൻ, ആനന്ദ്, സാറാ ജോസഫ്, കെ വേണു, സക്കറിയ, ബി ആർ പി ഭാസ്കർ, എം എൻ കാരശേരി, കെ ജി ശങ്കരപ്പിള്ള, സി ആർ പരമേശ്വരൻ, ടി ടി ശ്രീകുമാർ, കെ അരവിന്ദാക്ഷൻ, കെ ആർ മീര, ജോയ് മാത്യു, ശാരദക്കുട്ടി, പി ഗീത, എം ഗീതാനന്ദൻ, സണ്ണി കപിക്കാട്, ജെ രഘു, കൽപറ്റ നാരായണൻ, സാവിത്രി രാജീവൻ, മൈത്രേയൻ, സി വി ബാലകൃഷ്ണൻ, ഡോ. എ കെ ജയശ്രീ, പി സുരേന്ദ്രൻ, കെ കരുണാകരൻ, പി പി രാമചന്ദ്രൻ, പി എൻ ഗോപീകൃഷ്ണൻ, കെ ഗിരീഷ് കുമാർ, അൻവർ അലി, കെ സഹദേവൻ, മുരളി വെട്ടത്ത് തുടങ്ങിയവരാണ‌് പ്രസ‌്താവനയിൽ ഒപ്പുവച്ചത‌്. ഇന്ത്യയിലാദ്യമായി അവർണസമുദായങ്ങൾക്കുമേലുണ്ടായിരുന്ന ക്ഷേത്രപ്രവേശന വിലക്ക് എട്ട് ദശകങ്ങൾക്കു മുമ്പ‌് നിയമപരമായി എടുത്തുകളഞ്ഞത് കേരളത്തിലായിരുന്നു. അന്നത്തെ സമരങ്ങളുടെ മുമ്പിലുണ്ടായിരുന്ന നേതാക്കളുടെ പേരിലുണ്ടായ സമുദായസംഘടനകളാണ്, ഇന്ന് നാണംകെട്ട സമരം നടത്തുന്നത്.
സുപ്രീം കോടതിയിൽനിന്ന് അടുത്തിടെയുണ്ടായ ചില വിധികൾ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ ഭരണവ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്ന നിയമവിപ്ലവങ്ങളായിരുന്നു. ലിംഗവിവേചനം കുറ്റകരമായി പ്രഖ്യാപിക്കുന്നതും പൗരന്മാർക്കെല്ലാം ആരാധനാലയമുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ തുല്യത ഉറപ്പുനൽകുന്നതുമായ ഭരണഘടനാ തത്വങ്ങളാണ് ശബരിമല വിധിയിലൂടെയും സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത്. ആചാരസംരക്ഷണത്തിനുവേണ്ടി ഇപ്പോൾ നടക്കുന്ന ‘നാമജപ പ്രാർഥനായജ്ഞം' സവർണ മേൽക്കോയ്മയും സ്ത്രീവിരുദ്ധതയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ്. ഇത‌് കേരളീയ നവോത്ഥാനത്തെത്തന്നെ പരിഹസിക്കലാണ്.
ജനാധിപത്യപാർടികളിലെ നേതാക്കൾ വോട്ടുബാങ്കിനുവേണ്ടി കേരള സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്ന ഇത്തരം സമരങ്ങളെ പിന്തുണയ‌്ക്കുന്നത് സാമൂഹ്യദ്രോഹമാണ്. പിന്നിട്ട അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് കേരളത്തിലെ സ്ത്രീകൾ ആലോചിക്കണമെന്നും പ്രസ‌്താവനയിൽ എഴുത്തുകാർ അഭ്യർഥിച്ചു.









0 comments