എൽപിജി ടെർമിനലുമായി മുന്നോട്ട‌്: ഐഒസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2018, 07:45 PM | 0 min read


കൊച്ചി
പുതുവൈപ്പിലെ നിർദിഷ്ട  എൽപിജി ടെർമിനൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പദ്ധതിയിൽനിന്ന് പിന്മാറാൻ സാധിക്കില്ലെന്നും  ഇന്ത്യൻ ഓയിൽ കോർപറേഷൻ ജനറൽ മാനേജരും കേരള ചീഫുമായ പി എസ് മണി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രളയത്തെത്തുടർന്ന് നിർത്തിവച്ച നിർമാണപ്രവൃത്തികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുവൈപ്പ് പദ്ധതിക്കായി 350 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇത‌് വേണ്ടെന്നുവയ‌്ക്കാൻ കഴിയില്ല. എൽപിജി ഉപയോഗത്തിൽ 10 ശതമാനത്തിന്റെ വർധന കേരളത്തിലുണ്ടായിട്ടുണ്ട്. ഈ ആവശ്യം നിറവേറ്റണമെങ്കിൽ ടെർമിനൽ കൂടിയേ കഴിയൂ. പുതുവൈപ്പ് പദ്ധതി വന്നാൽ പ്രദേശത്ത‌് വികസനമുണ്ടാകും. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. പുതുവൈപ്പ് ടെർമിനൽ കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പുതുവൈപ്പ് ടെർമിനലും കൊച്ചി–സേലം എൽപിജി പൈപ്പുലൈനും വരുന്നതോടെ റോഡുകളിലൂടെ എൽപിജി കൊണ്ടുപോകുന്നത‌് അവസാനിപ്പിക്കാൻ സാധിക്കും. മംഗലാപുരത്ത് നിന്നാണ് 125 വണ്ടിയിലായി കേരളത്തിലേക്ക്  എൽപിജി എത്തുന്നത്. 125 വണ്ടിയിൽ 50 എണ്ണം ഇരുമ്പനത്തേക്കും 40 എണ്ണം ചേളാരിയിലേക്കും 35 എണ്ണം പാരിപ്പിള്ളിയിലേക്കുമാണ്  കൊണ്ടുപോകുന്നത‌്. പുതുവൈപ്പ് ടെർമിനൽ വരുന്നതോടെ  ഉദയംപേരൂരിലേക്കും ചേളാരിയിലേക്കുമുള്ള 90 വണ്ടികൾ അവസാനിപ്പിക്കാനാകും. പാരിപ്പിള്ളിയിലേക്കുള്ള 35 വണ്ടികൾ കൊച്ചിയിൽ നിന്ന് വിടാനാകും. തെക്കൻ കേരളത്തിലേക്കുള്ള റോഡുകൾക്ക് വീതി കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പുതുവൈപ്പ് ടെർമിനൽ വരുന്നതോടെ പാലക്കാട്നിന്ന് ചേളാരിയിലേക്കും കൊച്ചിയിൽനിന്ന‌് കൊല്ലത്തേക്കും പൈപ്പുലൈൻ സ്ഥാപിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home