ഓണ്‍ലൈനായി വോട്ടര്‍ പട്ടിക തിരുത്താം, പേരും ചേര്‍ക്കാം; നവംബര്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2018, 01:55 PM | 0 min read

കൊച്ചി >  പേരു ചേര്‍ക്കല്‍, ഒഴിവാക്കല്‍, ബൂത്തു മാറ്റല്‍ തുടങ്ങിയവ ഓണ്‍ലൈനായി ചെയ്യാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടലായ www.nvsp.in/ എന്ന വെബ്‌സൈ‌‌റ്റാണ് സന്ദര്‍ശിയ്ക്കേണ്ടത്.  2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്  പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്ത പ്രായപൂര്‍ത്തിയായവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിയ്‌ക്കും. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണിത്. 

വെബ്സൈറ്റായതിനാല്‍ എവിടെ നിന്നും അപേക്ഷിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഒറിജിനല്‍ ഫോട്ടോ, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബാംഗങ്ങളുടെയോ അയല്‍വാസിയുടെയോ ഇലക്ഷന്‍ ഐഡി കാര്‍ഡ്നമ്പര്‍ നല്‍കണം. വെബ്സൈറ്റില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിശദവിവരം ലഭിയ്‌ക്കും.

സ്ഥലംമാറിപ്പോയവര്‍, മേല്‍വിലാസം തിരുത്താനുള്ളവര്‍, പോളിങ് ബൂത്ത് മാറ്റം വരുത്തേണ്ടവര്‍, എന്നിവര്‍ക്കും വെബ്സൈറ്റ് വഴി മാറ്റങ്ങള്‍ വരുത്താം. പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദേശത്തുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം.  എന്നാല്‍  തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാവില്ല.  വോട്ടു ചെയ്യണമെന്നുള്ളവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍നിന്നു ലഭിയ്ക്കുന്ന സ്ലിപ് ഉപയോഗിച്ച് വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്ന കാര്യം കമ്മീഷന്റെ പരിഗണനയിലാണ്.  വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യാനും വെബ്സൈറ്റ് വഴി സാധിക്കും. പട്ടികയില്‍ വിവരങ്ങള്‍ ചേര്‍ത്തതിന്റെ തല്‍സ്ഥിതിയും വെബ്സൈറ്റിലുടെ  അറിയാനാകും.

 



deshabhimani section

Related News

View More
0 comments
Sort by

Home