ശബരിമല സുപ്രീംകോടതി വിധി : മുതലെടുപ്പിന‌് സംഘപരിവാറും കോൺഗ്രസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2018, 07:42 PM | 0 min read

തിരുവനന്തപുരം
ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട‌് സർക്കാർ ചർച്ചയ‌്ക്ക‌് സന്നദ്ധമായത‌് തുറന്ന മനസ്സോടെ. ഇത‌് അട്ടിമറിക്കാനും വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കി മുതലെടുപ്പ‌് നടത്താനുമാണ‌് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നത‌്.

സംസ്ഥാനത്ത‌് തുടരെ നടത്തുന്ന അക്രമസമരങ്ങളും ഡൽഹിയിൽ കേരള ഹൗസിൽ സംഘർഷത്തിന‌് ശ്രമിച്ചതും ഇത്തരം നീക്കത്തിന്റെ ഭാഗമായാണ‌്.  ശബരിമലയിലെ മേൽശാന്തിമാർ ഉൾപ്പെടെയുള്ള നിയമനാധികാരം ദേവസ്വം ബോർഡിനായിട്ടുപോലും സ‌്ത്രീപ്രവേശന വിഷയംവന്നപ്പോൾ തന്ത്രിമാരെയും പൂജാരിമാരെയും വിശ്വാസത്തിലെടുത്ത‌്  സർക്കാർ ചർച്ചയ‌്ക്ക‌് തയ്യാറായി. തന്ത്രിമാർക്കുപുറമെ പന്തളം മുൻ രാജകുടുംബവുമായി ചർച്ച നടത്താനിരുന്നതും ക്ഷേത്രകാര്യങ്ങളിൽ വിശ്വാസ സംരക്ഷണം ലക്ഷ്യമിട്ടാണ‌്.

എന്നാൽ, സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയിൽനിന്ന‌് സർക്കാരിന‌് പിറകോട്ടുപോകാനാകില്ല. വിശ്വാസികളിൽത്തന്നെ രണ്ട‌് പക്ഷമാണുള്ളത‌്– സ‌്ത്രീകൾക്ക‌് പ്രായഭേദമെന്യേ പ്രവേശനം നൽകണമെന്നും പാടില്ലെന്നും. 

ഇതിൽ ഭൂരിപക്ഷം നോക്കിയോ സമരംചെയ്യുന്നവരുടെ ആവശ്യമനുസരിച്ചോ സർക്കാരിന‌് തീരുമാനമെടുക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ‌് വിധി ഏതുരീതിയിൽ നടപ്പാക്കാമെന്നതിനെക്കുറിച്ച‌് ചർച്ച നടത്താനിരുന്നത‌്.

സർക്കാർ നിലപാടിനെ ക്ഷേത്രം തന്ത്രി കണ്ഠരര‌് മോഹനര‌് സ്വാഗതം ചെയ‌്തിട്ടുമുണ്ട‌്. ഇക്കാര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ലെന്നും സുപ്രീംകോടതി വിധിക്കെതിരെയാണ‌് സമരമെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രചരിപ്പിക്കുന്നത്‌ നുണക്കഥകൾ
വിധിക്കെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുന്നതിനാൽ തീരുമാനം വന്നശേഷമേ ചർച്ചയ‌്ക്ക‌് പ്രസക്തിയുള്ളൂവെന്നാണ‌് തന്ത്രി കുടുംബാംഗം വ്യക്തമാക്കുന്നത‌്. പന്തളം മുൻ രാജകുടുംബത്തിനും സമാന നിലപാടാണ‌്. അതേസമയം, കക്ഷികൾ പുനഃപരിശോധനാ ഹർജി നൽകുന്നതുവരെ സർക്കാരിന‌് കാത്തുനിൽക്കാനാകില്ല. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട‌് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സത്യവാങ‌്മൂലം ഹൈക്കോടതിയിൽ നൽകേണ്ടതുണ്ട‌്. അതിനനുസരിച്ച‌ുള്ള പ്രവർത്തനങ്ങളുമായി സർക്കാരിന‌് മുന്നോട്ടുപോകാതിരിക്കാനുമാകില്ല.

വസ‌്തുതകൾ ഇതൊക്കെയാണെങ്കിലും സംഘപരിവാറും ഒരുവിഭാഗം കോൺഗ്രസ‌് നേതാക്കളും നുണക്കഥകൾ പ്രചരിപ്പിക്കുന്നു. സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ‌്മൂലത്തെപോലും തെറ്റായി വ്യാഖ്യാനിക്കുകയാണ‌്. ഇൗ വിഷയം ഒരുകമീഷനെവച്ച‌് പരിശോധിച്ച‌് തീരുമാനമെടുക്കണമെന്നാണ‌് എൽഡിഎഫ‌് സർക്കാർ സത്യവാങ‌്മൂലം നൽകിയത‌്. 400 വർഷം പഴക്കമുള്ള ആചാരമായിരുന്നു മഹാരാഷ്ട്രയിലെ  അഹമ്മദ‌് നഗർ ശനിശിഖ‌്നാപുർ ക്ഷേത്രത്തിലേത‌്. സ‌്ത്രീകൾക്ക‌് പ്രവേശനം നൽകില്ലെന്ന ഈ ആചാരമാണ‌് 2016 ഏപ്രിൽ ഒന്നിന‌് മുംബൈ ഹൈക്കോടതി റദ്ദാക്കിയത‌്. ഏപ്രിൽ അഞ്ചിന‌് ചേർന്ന ക്ഷേത്രം ട്രസ്റ്റ‌് യോഗം സ‌്ത്രീകൾക്ക‌് പ്രവേശനംനൽകാൻ തീരുമാനിച്ചു.

മുംബൈയിലെ ഹാജി അലി ദർഗ പള്ളിയിലും 2016 സെപ‌്തംബറിൽ മുംബൈ ഹൈക്കോടതി സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിച്ചു. ഹിന്ദു ആചാരങ്ങളിൽമാത്രമാണ‌് കോടതികൾ കൈകടത്തുന്നതെന്ന സംഘപരിവാർ നുണയ‌്ക്കുള്ള മറുപടിയാണ‌് ഹാജി അലിദർഗ കേസ‌്. ക്രിസ‌്ത്യൻ പിന്തുടർച്ചാവാകാശ നിയമം, മുത്തലാഖ‌് തുടങ്ങിയവയിലെല്ലാം സ‌്ത്രീതുല്യതയാണ‌് കോടതികൾ മുന്നോട്ടുവച്ചത‌്.

സ‌്ത്രീപ്രവേശനം അനുവദിച്ചാലും എല്ലാവരും അത‌് അപ്പടി അനുസരിച്ച‌് പ്രവർത്തിക്കില്ലെന്നതിന‌് തെളിവാണ‌് ശനിശിഖ‌്നാപുർ ക്ഷേത്രവും ഹാജി അലി ദർഗ പള്ളിയും. പ്രവേശനം അനിവാര്യമാണെന്ന‌് പൂർണമായും വിശ്വസിക്കുന്ന സ‌്ത്രീകൾ മാത്രമേ അവിടങ്ങളിൽ ഇപ്പോഴും പോകുന്നുള്ളൂ.ശബരിമലയിലും ഇത‌് മാത്രമേ സംഭവിക്കൂ. സ‌്ത്രീകളിൽ തന്നെ വിശ്വാസികൾ ആയവരും അല്ലാത്തവരുമുണ്ട‌്. അതിൽ അവിശ്വാസികൾ എന്തായാലും പോകില്ല. വിശ്വാസികളിൽതന്നെ തങ്ങളുടെ വിശ്വാസപ്രമാണമനുസരിച്ച‌് പോകാമെന്ന‌് കരുതുന്നവർ മാത്രമേ പോവുകയുംചെയ്യൂ .



deshabhimani section

Related News

View More
0 comments
Sort by

Home