എൻജി, പോളികളിലെ 5%സീറ്റിൽ സൗജന്യപഠനം നിർബന്ധമാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2018, 07:28 PM | 0 min read



എൻജിനിയറിങ്, പോളിടെക‌്നിക‌് എന്നിവിടങ്ങളിലെ അഞ്ച‌ു ശതമാനം സീറ്റിൽ ഫീസ‌് ഇല്ലാതെ സൗജന്യമായി പഠിപ്പിക്കണമെന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക‌്നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ ) നിർദേശം സംസ്ഥാനത്ത‌് നിർബന്ധമാക്കി. മുഴുവൻ സർക്കാർ, എയ‌്ഡഡ‌്, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജിലും ഓരോ ബാച്ചിലും പ്രവേശനം നേടുന്ന ഏറ്റവും പാവപ്പെട്ട അഞ്ച‌ു ശതമാനം കുട്ടികളെ സൗജന്യമായി പഠിപ്പിക്കണമെന്ന‌ നിർദേശമാണ‌് കേരളത്തിൽ നിർബന്ധമാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നിർദേശം നൽകിയത‌്.

2011ലാണ‌് എഐസിടിഇ അഫിലിയേഷനുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ‌് ഒഴിവാക്കൽ പദ്ധതി (ടിഎഫ‌്ഡബ്ല്യു) നടപ്പാക്കിയത‌്. കേരളത്തിലും  നടപടി സ്വീകരി‌ച്ചെങ്കിലും  ഭൂരിപക്ഷം സ്വാശ്രയ കോളേജും നടപ്പാക്കിയില്ല‌. സാങ്കേതിക സർവകലാശാലയിൽ അഫിലിയേഷനുള്ള മുഴുവൻ കോളേജിലും പദ്ധതി നടപ്പാക്കുന്നുവെന്ന‌് ഉറപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കും  പ്രവേശന പരീക്ഷാ കമീഷണർക്കുമാണ‌് മന്ത്രി നിർദേശം നൽകിയത‌്.

ഒരുബാച്ചിൽ 3 പേർക്ക‌് അവസരം
60 വിദ്യാർഥികൾ പ്രവേശനം നേടുന്ന ഒരു ബാച്ചിൽ മൂന്ന‌ു വിദ്യാർഥികൾക്ക‌് സൗജന്യമായി പഠിക്കാനാകും‌. വാർഷിക വരുമാനം 4.5 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ‌് കോഴ‌്സ‌് കാലാവധി മുഴുവൻ സൗജന്യമായി പഠിക്കാനാകുക. സർക്കാർ എൻജിനിയറിങ് കോളേജുകളിലാകെ 3340 സീറ്റുണ്ട‌്. ഇവിടെ മാത്രം 150 സീറ്റിൽ സൗജന്യപഠനം ഉറപ്പാക്കാനാകും. എയ‌്ഡഡ‌് എൻജിനിയറിങ‌് കോളേജുകളിൽ 1850 സീറ്റാണുള്ളത‌്. 90 കുട്ടികൾക്ക‌് സൗജന്യമായി പഠിക്കാം.

സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിൽ 348 പേർക്കും സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിൽ 2100 പേർക്കും ഒരുരൂപ പോലും ട്യൂഷൻ ഫീസില്ലാതെ പഠിക്കാൻ അവസരമൊരുങ്ങും. ഒരു വർഷംമാത്രം സംസ്ഥാനത്ത‌് പദ്ധതിപ്രകാരം  2688 എൻജിനിയറിങ് വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാം. നാല‌ു വർഷ കോഴ‌്സ‌് ആയതിനാൽ ഒരു വർഷം സംസ്ഥാനത്ത‌് 10,000 കുടുംബത്തിന‌് ഫീസ‌് നൽകാതെ വിദ്യാർഥികളെ പഠിപ്പിക്കാനാകും.  എംടെക‌് കോഴ‌്സുകൾക്കും പദ്ധതി ബാധകമാണ‌്.

കേരളത്തിൽ ആകെയുള്ള 71 പോളിടെക‌്നിക്കിലായി 14,000 വിദ്യാർഥികൾ ഓരോ വർഷവും പ്രവേശനം നേടുന്നുണ്ട‌്. ഇവയിൽ 20 കോളേജ‌് സ്വാശ്രയ കോളേജുകളാണ‌്.

ഇവയിൽ പലതും പദ്ധതി നടപ്പാക്കിയിട്ടില്ല.  നടപ്പാക്കാത്തവയുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കം കർശന നിയമങ്ങൾ എഐസിടിഇ മാർഗനിർദേശത്തിലുണ്ട‌്. എഐസിടിഇ അംഗീകാരമുള്ള മുഴുവൻ പോളിടെക‌്നിക്കുകളിലും പദ്ധതി നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക‌് മന്ത്രി നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home