കേരളത്തിന‌് ചോർന്നത‌് 1000 കോടിയോളം രൂപ ; എണ്ണക്കമ്പനികൾ കുറച്ചത‌് 42 പൈസമാത്രം

സ്വന്തം ലേഖകൻ
കേന്ദ്രസർക്കാർ എണ്ണവിലയിൽ കുറവുവരുത്തിയത‌് സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിൽ കൈയിട്ടുവാരി. എണ്ണക്കമ്പനികൾ പെട്രോളിന്റെ അടിസ്ഥാനവിലയിൽ കുറവുവരുത്തിയത‌് 42 പൈസ മാത്രം. സംസ്ഥാനങ്ങളുടെ വിൽപ്പന നികുതിയിൽനിന്ന‌് കുറയുന്ന 58 പൈസ ഉൾപ്പെടെയാണ‌് രണ്ടര രൂപയുടെ വിലക്കുറവ‌് ഉണ്ടാകുന്നത‌്. ഡീസലിന്റെ വിൽപ്പന നികുതിയിൽ വരുന്ന 51 പൈസയുടെ കുറവ‌് ഉൾപ്പെടെയാണ‌് രണ്ടര രൂപയുടെ കുറവ‌്. എണ്ണക്കമ്പനികൾ കുറച്ചത‌് ലിറ്ററിന‌് 49 പൈസ മാത്രം.
കേരളം നേരത്തെ കേന്ദ്രസർക്കാർ ആവശ്യപ്പെടാതെ തന്നെ ഒരു രൂപ കുറച്ചിരുന്നു. ഇതുകൂടി ചേർത്താൽ ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരളത്തിന‌് നികുതിയിനത്തിൽ 1.58 രൂപയുടെ കുറവുണ്ടാവും. ഒരുലിറ്റർ ഡീസലിന‌് 1.51 രൂപയുടെ നികുതി ചോർച്ചയുമുണ്ടാകും. കേരളത്തിൽ ഒരുമാസം 14 കോടി ലിറ്റർ പെട്രോളും 26 കോടി ലിറ്റർ ഡീസലുമാണ‌് വിൽപ്പന നടത്തുന്നത‌്.
നാലുമാസം മുമ്പാണ‌് എണ്ണ വിൽപ്പനവിലയിൽ കേരളം ഒരു രൂപയുടെ കുറവുവരുത്തിയത‌്. ഖജനാവിന‌് ലഭിച്ചിരുന്ന അഞ്ഞൂറുകോടിയോളം രൂപ ഉപേക്ഷിച്ചാണ‌് ജനങ്ങൾക്ക‌് ആശ്വാസമേകിയത‌്. കേന്ദ്രം പെട്രോൾ വിലയിൽ കുറവുവരുത്തുമ്പോൾ ഒരുവർഷം സംസ്ഥാനത്തിനുണ്ടാകുന്ന നികുതി ചോർച്ച 400 കോടിയോളം രൂപയാണ‌്. ഡീസലിലും ഇതേ തോതിൽ നികുതി കുറയും. നേരത്തെ കേരളം സ്വമേധയാ കുറച്ച തുക കൂടി ഉൾപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ നികുതി ചോർച്ച ആയിരം കോടി രൂപയോളം വരും. പ്രളയദുരന്തത്തിൽനിന്ന‌് കരകയറാൻ അത്യധ്വാനംചെയ്യുന്ന കേരളത്തിന‌് താങ്ങാവുന്നതിലധികമാണ‌് ഈ നികുതി ചോർച്ച. എണ്ണവിലവർധന മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട‌് ഒഴിവാക്കാൻ നടപടിയെടുക്കുന്നതിനുപകരം വില വർധനയുടെ ഭാരം പൂർണമായും സംസ്ഥാനങ്ങൾ വഹിക്കണമെന്ന കേന്ദ്രസമീപനം അംഗീകരിക്കാനാകില്ല എന്നതാണ‌് കേരളത്തിന്റെ നിലപാട‌്.
2014നുശേഷം പല ഘട്ടങ്ങളിലായി 10 രൂപയിലേറെയാണ‌് പെട്രോളിന്റെയും ഡീസലിന്റെയും എക‌്സൈസ‌് തീരുവ വർധിപ്പിച്ചത‌്. എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ 9.20 രൂപയായിരുന്നു എക‌്സൈസ‌് നികുതി. ഇത‌് പടിപടിയായി 19.48 രൂപയായി വർധിപ്പിച്ചു. 2017ൽ ഇത‌് 21.48 രൂപയാക്കിയിരുന്നു. പിന്നീട് ചെറിയ ഇളവു വരുത്തിയാണ‌് 19.48 രൂപയാക്കിയത‌്.
ഡീസലിന‌് 2014ൽ മോഡി അധികാരത്തിലെത്തുമ്പോൾ 3.46 രൂപയായിരുന്നു എക‌്സൈസ‌് നികുതി. ഇത‌് പടിപടിയായി 2017 ഒക്ടോബറിൽ 15.33 രൂപയാക്കി. ഈ നികുതി നിരക്കാണ‌് ഇപ്പോൾ നിലവിലുള്ളത‌്.
കേരളത്തിൽ നേരത്തെയുണ്ടായിരുന്ന വിൽപ്പന നികുതി നിരക്ക‌് വർധിപ്പിച്ചത‌് യുഡിഎഫ‌് സർക്കാരിന്റെ കാലത്താണ‌്. 2006ൽ എൽഡിഎഫ‌് സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന‌് 29.01 ശതമാനവും ഡീസലിന‌് 24.69 ശതമാനവുമായിരുന്നു വിൽപ്പന നികുതി. 2011ൽ അധികാരമൊഴിയുമ്പോഴേക്കും പെട്രോളിന‌് 26.64 ശതമാനമായി കുറച്ചു. 2016 മേയിൽ അധികാരമൊഴിയുമ്പോഴേക്കും പെട്രോളിന്റെ വിൽപ്പന നികുതി 31.8 ശതമാനമായി യുഡിഎഫ‌് സർക്കാർ വർധിപ്പിച്ചു. ഇതിനുപുറമെ പെട്രോളിനും ഡീസലിനും ഒരുശതമാനം അധിക നികുതിയും ഏർപ്പെടുത്തിയിരുന്നു. അടിസ്ഥാന വിൽപ്പന നികുതി 31.8 ശതമാനത്തിൽനിന്ന‌് ഒരു ശതമാനം കുറയ‌്ക്കുകയല്ലാതെ എൽഡിഎഫ‌് സർക്കാർ അൽപ്പംപോലും നികുതി വർധിപ്പിച്ചിട്ടില്ല.









0 comments