അവർ പോയത‌് ഇനിയും അറിയാതെ ലക്ഷ‌്മി

തിരുവനന്തപുരം
ജീവന്റെ ജീവനായ ബാലുവും ജാനിയും പോയതറിയാതെ ലക്ഷ‌്മി. ആശുപത്രി കിടക്കയിൽ ഓർമകൾക്ക‌് തെളിച്ചം വരുമ്പോൾ ലക്ഷ‌്മി തിരക്കുന്നത‌് ബാലഭാസ‌്കറിനെയും ജാനിയെന്ന ഓമനപ്പേരിൽ വിളിക്കുന്ന തേജസ്വിനി
ബാലയേയും. ഇതുവരെയും ബാലുവിന്റെയും തേജസ്വിനിയുടെയും വിയോഗം ബന്ധുക്കൾ ലക്ഷ‌്മിയെ അറിയിച്ചിട്ടില്ല .
അപകടത്തിൽ ബാലഭാസ‌്കറിനും മകൾക്കുമൊപ്പം ഗുരുതരമായി പരിക്കേറ്റ ലക്ഷ‌്മി ഇപ്പോഴും വെന്റിലേറ്ററിലാണ‌്.
ആരോഗ്യനിലയിൽ പുരോഗതിയുണ്ട‌്. തിങ്കളാഴ‌്ചയോടെ വെന്റിലേറ്ററിൽനിന്ന‌് മാറ്റാൻ കഴിഞ്ഞേക്കുമെന്ന‌് ഡോക്ടർമാർ പറഞ്ഞു. ബാലഭാസ‌്കറിന്റെയും മകളുടെയും മരണ വിവരം ലക്ഷ‌്മിയെ അറിയിക്കരുതെന്നാണ‌് ഡോക്ടർമാരുടെ നിർദേശം. ബാലുവിനെയും മകളെയും അന്വേഷിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ വിഷമിക്കുകയാണ‌് ബന്ധുക്കൾ. ബാലുവിനെയും കുഞ്ഞിനെയും തിരക്കുമ്പോൾ ഏതുവിധേനയും വിഷയം മാറ്റി ലക്ഷ‌്മിയുടെ ശ്രദ്ധ തിരിക്കും.
മരണവിവരം ലക്ഷ‌്മി അറിഞ്ഞാൽ അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന‌് ഡോക്ടർമാരുടെ മുന്നറിയിപ്പ‌്.
അപകടവും അതിന‌് തൊട്ടുമുമ്പുള്ള നിമിഷങ്ങളും സംബന്ധിച്ച‌് ലക്ഷ‌്മിക്ക‌് ഇതുവരെ പൂർണമായി ഓർത്തെടുക്കാനായിട്ടില്ല.
തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ‌് വയലിനിസ‌്റ്റ‌് ബാലഭാസ‌്കറിനും കുടുംബത്തിനും ഗുരുതര പരിക്കേറ്റത‌്. ബാലഭാസ‌്കറിന്റെ ഏക മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. പ്രതീക്ഷകൾ വിഫലമാക്കി ബാലഭാസ‌്കറിന്റെ ജീവനും ചൊവ്വാഴ‌്ച പുലർച്ചെ മരണം അപഹരിച്ചു.









0 comments