ശബരിമല സ‌്ത്രീ പ്രവേശം: സംഘപരിവാർ സമരം ഇരട്ടത്താപ്പ‌്

തിരുവനന്തപുരം> ശബരിമലയിൽ സ‌്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള സംഘപരിവാർ സമരം ഇരട്ടത്താപ്പും സ്വന്തം നിലപാടിൽനിന്നുള്ള ഒളിച്ചോട്ടവും. സംഘപരിവാർ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന ആർഎസ‌്എസും ബിജെപി കേന്ദ്രനേതൃത്വവും സ‌്ത്രീപ്രവേശത്തെ ന്യായീകരിക്കുമ്പോഴാണ‌് ഇവിടെ ബിജെപി സംസ്ഥാന നേതൃത്വവും സംഘപരിവാറും കലാപത്തിന‌് ശ്രമിക്കുന്നത‌്. വർഗീയചേരിതിരിവ‌് സൃഷ്ടിച്ച‌് മുതലെടുക്കുകയെന്ന തന്ത്രമാണ‌് ഇതിനു പിന്നിൽ. സുപ്രീം കോടതിവിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയാണ‌് സമരം. എന്നാൽ, വിധി നടപ്പാക്കുക എന്നത‌് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ‌്.
വിധിയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ അവസരമുണ്ട‌്. ഏതെങ്കിലും സംഘപരിവാർ സംഘടന അതിന‌് തയ്യാറാകുന്നില്ല. കേന്ദ്രം ഭരിക്കുന്നതും ബിജെപിയാണ‌്. കേന്ദ്രസർക്കാരിനും പുനഃപരിശോധനാഹർജി നൽകാം. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട‌് ആത്മാർഥതയുള്ളതാണെങ്കിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ‌് വേണ്ടത‌്. കേസ‌് സുപ്രീംകോടതി പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാട‌് വ്യക്തമാക്കിയിരുന്നില്ല. സ‌്ത്രീപ്രവേശത്തെ എതിർക്കുകയാണെങ്കിൽ അത‌് കോടതിയിൽ അറിയിക്കാൻ അവസരമുണ്ടായിരുന്നു.
ബിജെപി സർക്കാർ അതിനുതയ്യാറായില്ല. ആർഎസ‌്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും നിലപാട‌് സ‌്ത്രീപ്രവേശത്തിന‌് അനുകൂലമായതിനാലാണ‌് ഇത്തരം സമീപനം കോടതിയിൽ സ്വീകരിച്ചതും. 2016ൽ ചേർന്ന ആർഎസ‌്എസ‌് ദേശീയ ബൈഠകിൽ സ‌്ത്രീപ്രവേശം അനിവാര്യമാണെന്ന നിലപാടാണ‌് സ്വീകരിച്ചത‌്.
ആർഎസ‌്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും നിലപാ ട‌് മാറ്റിയില്ലെന്നിരിക്കെ ഇവിടെ സമരം നടത്തുന്നത‌് ഇരട്ടത്താപ്പ‌് മാത്രമാണ‌്. കേരളത്തിലെ അയ്യപ്പഭക്തർക്കിടയിൽ അസ്വസ്ഥതയും വിദ്വേഷവും വിതയ‌്ക്കുകയാണ‌് ഇതിലൂടെ ലക്ഷ്യമിടുന്നത‌്.
ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരത്തെ മറ്റുനേതാക്കൾ ഇനിയും അംഗീകരിച്ചിട്ടുമില്ല. ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽത്തന്നെയുള്ള ഭിന്നതയാണ‌് ഇത‌് വ്യക്തമാക്കുന്നത‌്.സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രൻ പ്രവേശം അനുവദിക്കണമെന്നും നിത്യപൂജ വേണമെന്നും ആവശ്യപ്പെട്ട‌് സംസ്ഥാന നേതൃത്വത്തിന‌് കത്ത‌് നൽകിയിരുന്നു.
ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിലവിലുള്ള ഗ്രൂപ്പുവഴക്കും വടംവലിയും സമരത്തിനു പിന്നിലുണ്ട‌്. നേതൃത്വം പിടിച്ചെടുക്കാനും അണികളെ വലവീശാനുമുള്ള എളുപ്പവഴിയായാണ‌് ഈ സമരത്തെയും ശ്രീധരൻപിള്ള കാണുന്നതെന്നാണ‌് എതിർപക്ഷത്തിന്റെ വാദം.









0 comments