മതനിരപേക്ഷത തകർക്കാൻ വലിയ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം > രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാൻ വലിയ നീക്കമാണ‌് നടക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജയന്തി വാരാചരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലതിന്റെയും പേരിൽ മനുഷ്യരെ ആക്രമിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ചവരാണ‌് കൂടുതലും ആക്രമണത്തിന‌് ഇരയാകുന്നത‌്. ജാതിയും മതവും തിരിച്ചുള്ള ആക്രമണങ്ങളെയും വർഗീയതയെയും ചെറുക്കാൻ ശക്തമായ പ്രസ്ഥാനം രൂപപ്പെടണം. മതനിരപേക്ഷത ഉറപ്പാക്കുന്നതിൽ വിട്ടുവീഴ‌്ചയില്ലാത്ത നിലപാടാണ‌് ഗാന്ധിജി സ്വീകരിച്ചത‌്. രാജ്യത്തെ വർഗീയകലാപത്തിലേക്ക‌് തള്ളിവിടാനുള്ള നീക്കത്തെ ചെറുത്തതിനാണ‌് ഗാന്ധിജിക്ക‌് ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നത‌്. ഗാന്ധിജി ജീവിച്ചിരിക്കുന്നത‌് തങ്ങളുടെ വർഗീയ അജൻഡ നടപ്പാക്കുന്നതിന‌് തടസ്സമായതിനാലാണ‌് ഗാന്ധിജിയെ വധിച്ചത‌്‐ അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ സ‌്മരണ പ്രത്യേക ദിനത്തിലോ സന്ദർഭത്തിലോ മാത്രമായി ചുരുങ്ങില്ല. ജീവിതമാണ‌് സന്ദേശമെന്ന‌് ഉറക്കെ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ ഓർമ വിവിധ തലങ്ങളിലാണ‌് ഉയർന്നുവരേണ്ടത‌്. പുതിയ പശ്ചാത്തലത്തിൽ ഇതിന‌് വലിയ പ്രാധാന്യമുണ്ട‌്. മതനിരപേക്ഷ രാജ്യത്തിനായുള്ള അടിയുറച്ച നിലപാടുകളുടെ ഉരകല്ലാണ‌് ഗാന്ധിജി. വർഗീയതയോട‌് വിട്ടുവീഴ‌്ചയില്ലാത്ത നിലപാട‌് അദ്ദേഹം ജീവിതാവസാനംവരെ സ്വീകരിച്ചു. നവകേരള നിർമാണത്തിൽ ഗാന്ധിയൻ ചിന്താഗതികളായിരിക്കണം നമ്മെ നയിക്കേണ്ടത‌്. ഗാന്ധിജി എപ്പോഴും പരിസ്ഥിതിക്ക‌് വലിയ പ്രാധാന്യം നൽകി. അത‌് നമ്മുടെ നിർമാണരീതികളിലടക്കം പാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments