ഇടറാത്തവഴിയിൽ ഓർമ പൂക്കുമ്പോൾ

തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ ആൾക്കൂട്ടത്തിനിടയിലൂടെ ശരവേഗത്തിൽ പായുന്ന ഗാന്ധിജി. സേവാഗ്രാം ആശ്രമത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ച‌് പ്രഭാഷണം നടത്തുന്ന ഗാന്ധിജി. കൽക്കത്തയിൽ ഹിന്ദു–മുസ‌്ലിം വർഗീയ ലഹളയ‌്ക്കും കൂട്ടക്കൊലയ‌്ക്കും എതിരെ നിരാഹാരസത്യഗ്രഹം നടത്തുന്ന ഗാന്ധിജി. മഹാത്മാഗാന്ധിയെക്കുറിച്ച‌് ഇങ്ങനെ മൂന്ന‌് ഓർമച്ചിത്രമുണ്ട‌് പി ഗോപിനാഥൻനായരുടെ മനസ്സിൽ. പത്താംവയസ്സിലെ ആദ്യാനുഭവത്തിലൂടെ ഗാന്ധിജിയിൽ ആകൃഷ്ടനായ ഇദ്ദേഹം 96–ാം വയസ്സിലും ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരകനായി തുടരുന്നു. ഇദ്ദേഹത്തിന്റെ ഓർമകളിലൂടെ.
ഓടുന്ന ഗാന്ധിജി
‘‘ നെയ്യാറ്റിൻകരയിൽ പൊതുയോഗത്തിലേക്ക‌് ഓടിയെത്തുന്ന ഗാന്ധിജിയെയാണ‌് ഞാൻ ആദ്യമായി കാണുന്നത‌്. യോഗം നടക്കുന്ന മൈതാനത്തിനടുത്ത‌് കാറിൽ വന്നിറങ്ങിയ അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ ഓടുകയായിരുന്നു. വേദിയിൽ കയറി പ്രസംഗിക്കാൻ തുടങ്ങുന്നതിന‌് തൊട്ടുമുമ്പ‌് വാച്ച‌് നോക്കി.
കൃത്യം 15 മിനിറ്റ‌് കഴിഞ്ഞപ്പോൾ വീണ്ടും വാച്ച‌് നോക്കി പ്രസംഗം നിർത്തി. ഹരിജനങ്ങളുടെ ഉദ്ധാരണത്തിനായി ഫണ്ട‌് ശേഖരിക്കാനാണെന്നും എല്ലാവരും കൈയിലുള്ള പണം സംഭാവനയായി നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മുൻനിരയിലിരുന്ന സ‌്ത്രീകൾ പരസ‌്പരം നോക്കി. ഉടൻ അദ്ദേഹത്തിന്റെ വാക്കുകൾ വന്നു; നിങ്ങൾ പരസ‌്പരം പകച്ച‌് നോക്കണ്ട. പണം നിങ്ങളുടെ കൂടെത്തന്നെയുണ്ട‌്. മാലയായും വളയായും കമ്മലായുമൊക്കെ. അത‌് തന്നാലും മതി. ഇതുകേട്ട‌് മുൻനിരയിലുണ്ടായിരുന്ന സ‌്ത്രീകളിൽ ചിലർ ആഭരണങ്ങൾ ഊരിനൽകി. സ‌്റ്റേജിൽനിന്ന‌് ഇറങ്ങിയ അദ്ദേഹം വീണ്ടും ആൾക്കൂട്ടത്തിനിടയിലൂടെ ഓടി കാറിൽകയറി കന്യാകുമാരിയിലേക്ക‌് പോയി. എന്തിനാണ‌് അദ്ദേഹം ഇങ്ങനെ ഓടുന്നത‌് എന്ന‌് അന്ന‌് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട‌്. എന്നാൽ, തിരുവനന്തപുരത്തുനിന്ന‌് പുറപ്പെട്ടാൽ കന്യാകുമാരിവരെയുള്ള സ്ഥലങ്ങളിൽ എത്തേണ്ട സമയം പാലിക്കുന്നതിനുള്ള നിഷ‌്ഠയായിരുന്നുവെന്ന‌് പിന്നീട‌് മനസ്സിലാക്കി.
നേർവഴി നടത്തുന്ന ഗാന്ധിജി
രണ്ടാമത‌് ഗാന്ധിജിയെ കാണുന്നത‌് 1944ൽ സേവാഗ്രാം ആശ്രമത്തിൽ. ആശ്രമത്തിൽ അന്ന‌് കാണാൻവന്ന സന്ദർശകരോട‌് അദ്ദേഹം വിദ്യാഭ്യാസത്തെക്കുറിച്ച‌് പ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിലും പണവുമുണ്ടാക്കലല്ലെന്ന‌് അദ്ദേഹം ഊന്നിപ്പറഞ്ഞത‌് ഇന്നും ഓർമയിലുണ്ട‌്. സ്വഭാവ രൂപീകരണത്തിലധിഷ‌്ഠിതമായി മനുഷ്യനെ അവന്റെ മാനവികചിന്തകളിലൂടെ വളർത്തുന്ന വിദ്യാഭ്യാസംവേണം.
അന്നത്തെ ഇന്ത്യയിൽ അതിനുള്ള സംവിധാനമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മതത്താൽ ഭിന്നിപ്പിക്കുന്ന മനുഷ്യരില്ലാത്ത നാടായി ഇന്ത്യയെ മാറ്റണമെന്നും ഗാന്ധിജി പറഞ്ഞു.
ആയുധമെടുക്കാത്ത യോദ്ധാവ‌്
ആയുധമെടുക്കാതെ ധർമയുദ്ധം നടത്തിയ യോദ്ധാവാണ് ഗാന്ധിജിയെന്ന‌് നേരിട്ടു മനസ്സിലാക്കിയ ഓർമയും ഗോപിനാഥൻനായർ പങ്കുവച്ചു. 1947ൽ ശാന്തിനികേതനിൽ വിദ്യാർഥിയായിരിക്കുമ്പോഴായിരുന്നു അത‌്. വിഭജനത്തെതുടർന്ന‌് ഹിന്ദു–മുസ‌്ലിം കലാപം കൊൽക്കത്തയെ പിടിച്ചുകുലുക്കിയ കാലമായിരുന്നു. ആരും എപ്പോഴും ആക്രമിക്കപ്പെടാവുന്ന അവസ്ഥ. ഗാന്ധിജിയുടെ ആവശ്യപ്രകാരം വിദ്യാർഥികളും അധ്യാപകരും സമാധാന ശ്രമങ്ങളുമായിറങ്ങി. ഒരാഴ‌്ചയോളം പ്രചാരണം നടത്തി. ഒരുദിവസം കൊൽക്കത്തയിലെത്തിയ ഗാന്ധിജി കൂട്ടക്കൊല നിർത്തിയില്ലെങ്കിൽ ഉപവാസം ആരംഭിക്കുമെന്ന‌് പ്രഖ്യാപിച്ചു. പിറ്റേന്ന‌് ഉപവാസം ആരംഭിച്ചു. പൊടുന്നനെ എങ്ങും കലാപം നിലച്ചു. ഇത‌് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാണെന്ന‌് ബർട്രന്റ‌് റസ്സൽ കുറിച്ചു.
തന്റെ കൈയിൽ 75,000 പട്ടാളക്കാരുണ്ടെന്നും എന്നാൽ അതുകൊണ്ട‌് ഇന്ത്യയിലെ കലാപങ്ങൾ അമർച്ചചെയ്യാനായില്ലെന്നും വൈസ്രോയിയായിരുന്ന മൗണ്ട‌് ബാറ്റണും പറഞ്ഞു. പട്ടണത്തിൽനിന്ന‌് ശാന്തിനികേതനിലേക്ക‌് മടങ്ങിയ ഞങ്ങൾ പിന്നീടൊരുദിവസം വൈകിട്ട‌് നടക്കാനിറങ്ങിയപ്പോഴാണ‌് ഗാന്ധിജിയുടെ മരണവിവരമറിയുന്നതെന്നും ഗോപിനാഥൻനായർ പറഞ്ഞു.









0 comments