ഷോർട്ട് സർക്യൂട്ട്: വീടിന്റെ അടുക്കള കത്തി നശിച്ചു

താനൂർ > വീടിന്റെ അടുക്കള കത്തി നശിച്ചു. നന്നമ്പ്ര കുണ്ടൂർ സ്വദേശി നമ്പടിപ്പറമ്പത്ത് അലി ഹസ്സൻ ഹാജിയുടെ വീട്ടിലെ അടുക്കളയാണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച പകൽ ഒന്നോടെയായിരുന്നു അപകടം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടുകാർ പോയസമയത്തായിരുന്നു അപകടം നടന്നത്. അലിഹസൻ ഹാജിയുടെ പേരമകൻ വസ്ത്രം മാറാൻ വീട്ടിലെത്തിയപ്പോൾ പൊട്ടിത്തെറിക്കുന്ന ഉഗ്രശബ്ദം കേട്ടതോടെ വീടിന് പരിസരം പരിശോധിച്ചപ്പോഴാണ് അടുക്കള കത്തുന്നത് കണ്ടത്.
ഉടൻതന്നെ വീട്ടുകാരെ വിവരമറിയിച്ചു. സമീപവാസികളെ വിളിച്ച് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് തിരൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും അടുക്കള ഭാഗം പൂർണമായും കത്തിയമർന്നു. അടുക്കളയുടെ മുകൾവശത്ത് ഉണ്ടായിരുന്ന തേങ്ങാ കൂടിന് തീ പിടിച്ചതോടെ ഉഗ്രശബ്ദത്തിൽ തേങ്ങ പൊട്ടിത്തെറിച്ചു.
അടുത്ത ബന്ധുവിന്റെ വിവാഹമായതിനാൽ രണ്ടുദിവസമായി വീട്ടിൽ ഭക്ഷണം പാകം ചെയ്തില്ലായിരുന്നുവെന്നും, ഗ്യാസ് സിലിണ്ടർ ഒഴിഞ്ഞതായിരുന്നുവെന്നും, ഇതിനാൽ അപകടകാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് ഉറപ്പിക്കാൻ കഴിയുന്നതായും വീട്ടുകാർ പറഞ്ഞു.
തിരൂർ ഫയർ ഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. സംഭവമറിഞ്ഞതോടെ നിരവധിയാളുകൾ പ്രദേശത്തെത്തി.









0 comments