അപകടമരണം : നേഴ‌്സിന്റെ വീട്ടുകാർക്ക‌് 3 കോടി നഷ്ടപരിഹാരം നൽകണം

വാഹനാപകടത്തിൽ മരിച്ച നേഴ‌്സിന്റെ ആശ്രിതർക്ക‌് 2,92,19,000 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര ട്രിബൂണൽ ഉത്തരവിട്ടു.
കുളത്തൂപ്പുഴ വട്ടക്കരിക്കം മോളിവില്ലയിൽ ജോൺ തോമസിന്റെ ഭാര്യ ഷിബി ഏബ്രഹാം മരിച്ച കേസിലാണ‌് വിധി. ഓസ‌്ത്രേലിയയിലെ ആശുപത്രിയിൽ നേഴ‌്സായിരുന്ന ഷിബി അച്ഛനോടൊപ്പം സ‌്കൂട്ടറിൽ യാത്രചെയ്യുമ്പോൾ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2013 മെയ‌് ഒമ്പതിന‌് ഓമല്ലൂർ ഉഴുവത്ത‌് ക്ഷേത്രത്തിന‌് സമീപമായിരുന്നുഅപകടം. ഷിബി സംഭവസ്ഥലത്തും അച്ഛൻ മണക്കാല പാലവിള പുത്തൻവീട്ടിൽ ഏബ്രഹാം മാത്യു ചികിത്സയിലിരിക്കെയും മരിച്ചു. വിദേശത്ത‌് നേഴ‌്സായിരുന്ന ഷിബിയുടെ വിദേശ വരുമാനം നഷ്ടപരിഹാരത്തിൽ കണക്കാക്കരുതെന്നും ഇന്ത്യയിൽ 2013 ൽ നേഴ‌്സിന‌് ലഭിച്ചിരുന്ന ശമ്പളമേ കണക്കാക്കാവൂ എന്നും ഇൻഷുറൻസ‌് കമ്പനി വാദിച്ചത‌് ട്രൈബ്യൂണൽ തള്ളി. 2,92,19,000 രൂപ ഹർജി തിയതി മുതലുള്ള ഏഴുശതമാനം പലിശയും കോടതിച്ചെലവും സഹിതംനൽകണമെന്നുമാണ‌് ജഡ‌്ജി സാനു എസ‌് പണിക്കരുടെ വിധി.
മരിച്ച ഏബ്രഹാമിന്റെ അവകാശികൾക്ക‌് 4,92,721 രൂപ ഒമ്പത‌് ശതമാനം പലിശസഹിതം നൽകാനും ഉത്തരവിട്ടു. പരാതിക്കാർക്കുവേണ്ടി അഡ്വ. മാത്യു ജോർജ‌് ഹാജരായി.









0 comments