ആവേശകരമായ തുടക്കം ; കന്യാസ്ത്രീകൾ വരിക്കാരായി

തിരുവനന്തപുരം
ജനകീയ പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക‌് ആവേശകരമായ തുടക്കം. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിലും ദേശാഭിമാനിയുടെ വളർച്ചയിലും നേതൃനിരയിൽ പ്രവർത്തിച്ച അഴീക്കോടൻ രാഘവന്റെ 46‐ാം രക്തസാക്ഷി വാർഷികത്തിലാണ‌് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത‌്. പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾമുതൽ ബ്രാഞ്ചുതലത്തിലുള്ള പ്രവർത്തകർവരെ വരിക്കാരെ ചേർക്കുന്നതിൽ പങ്കാളികളായി. ഏരിയ കേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളുടെയും നേതൃത്വത്തിൽ സ‌്ക്വാഡുകൾ ഇറങ്ങി. ഒക്ടോബർ 20ന‌് സി എച്ച‌് കണാരൻ ദിനംവരെ പ്രവർത്തനം നീളും.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തൃശൂർ ജില്ലയിൽ പ്രചാരണപ്രവർത്തനങ്ങൾ നടന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, നടൻ ജയരാജ് വാര്യർ, റിട്ട. ജില്ലാ ജഡ്ജി പി ഡി സോമൻ എന്നിവരെ കോടിയേരി വാർഷിക വരിക്കാരാക്കി. കൂർക്കഞ്ചേരി ലോക്കൽ കമ്മിറ്റി ചേർത്ത 1000 വാർഷിക വരിക്കാരുടെ ലിസ്റ്റും കോടിയേരി ഏറ്റുവാങ്ങി. തൃശൂരിൽ അഴീക്കോടൻ അനുസ്മരണ പരിപാടിയിൽ ലോക്കൽ സെക്രട്ടറി ഇ സുനിൽകുമാറാണ് സംഖ്യയും ലിസ്റ്റും കോടിയേരിയെ ഏൽപ്പിച്ചത‌്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ ഒപ്പമുണ്ടായി.
തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ‌് മൗലവിയിൽനിന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. പുന്നപ്ര വയലാർ സ‌്മരണകളിരമ്പുന്ന ആലപ്പുഴയിലും പത്രപ്രചാരണത്തിന് മികച്ച തുടക്കം. കഞ്ഞിക്കുഴിയിൽ കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ‌് ഐസകിന്റെ നേത്വത്വത്തിൽ വരിക്കാരെ ചേർത്തു.
മലപ്പുറത്ത‌് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആദ്യഘട്ടം ചേർത്ത 600 വരിക്കാരുടെയും പട്ടികയും വരിസംഖ്യയും എടരിക്കോട‌് ലോക്കൽ കമ്മിറ്റി ചേർത്ത പത്രത്തിന്റെ വരിസംഖ്യയും കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഏറ്റുവാങ്ങി. കാസർകോട‌് ജില്ലയിൽ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ പ്രചാരണത്തിന‌് നേതൃത്വം നൽകി. കണ്ണൂർ ജില്ലയിൽ പേരാവൂർ മുഴക്കുന്ന് ഈസ്റ്റ് ബ്രാഞ്ച് പരിധിയിലെ എല്ലാ വീട്ടുകാരും വാർഷികവരിക്കാരായി.
കന്യാസ്ത്രീകൾ വരിക്കാരായി
ശൂരനാട്
ശൂരനാട് ബസലേൽ കോൺവെന്റിൽ ഇനിമുതൽ ദേശാഭിമാനി. കോൺവെന്റിലെ കന്യാസ്ത്രീകൾ ഞായറാഴ്ച രാവിലെ വായനശാല ജങ‌്ഷനിലുള്ള സിപിഐ എം ശൂരനാട് ഏരിയ കമ്മിറ്റി ഓഫീസിലെത്തി രണ്ട‌് പത്രത്തിനുള്ള വാർഷിക വരിസംഖ്യ നൽകി. ജില്ലാ കമ്മിറ്റി അംഗം എം ഗംഗാധരക്കുറുപ്പ് മദർ സുപ്പീരിയർ എമിലിയയിൽനിന്ന് വരിസംഖ്യ ഏറ്റുവാങ്ങി. സമൂഹത്തിലെ എല്ലാ വിഭാഗവും നേരിടുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ ദേശാഭിമാനി ഇടപെടുന്നതായും ആനുകാലികങ്ങളടക്കം എല്ലാ വാർത്തകളും സത്യസന്ധമായി ദേശാഭിമാനിയിൽ വരുന്നുണ്ടെന്നും എമിലിയ പറഞ്ഞു.
സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ ജൂലി, സിസ്റ്റർ മക്രീന എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments