‘ഇതുപോലെ ചതിയന്മാർ ഉണ്ടായിട്ടില്ല’

‘ഇത്രയും നാളത്തെ രാഷ്ട്രീയജീവിതത്തിനിടയിൽ ഇതുപോലെ നപുംസകങ്ങളെ കണ്ടിട്ടില്ല, 110 കൊല്ലം ജനങ്ങളെ സേവിച്ച കോൺഗ്രസിൽ ഇതുപോലെ ചതിയന്മാർ ഉണ്ടായിട്ടില്ല. ചരിത്രം ഇവർക്ക‌് മാപ്പ‌് കൊടുക്കില്ല, ജനങ്ങൾ ഇവരോട‌് പൊറുക്കില്ല ’‐ 1995 മാർച്ച‌് 10ന‌് പുത്തരിക്കണ്ടം മൈതാനത്ത‌് ചേർന്ന കോൺഗ്രസിലെ ഐ ഗ്രൂപ്പ‌് പൊതുയോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ നടത്തിയ പ്രസംഗത്തിലെ വരികളാണിത‌്.
ഈ പ്രസംഗം കഴിഞ്ഞ‌് കരുണാകരൻ നേരെ പോയത‌് രാജ‌്ഭവനിലേക്കായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്കത്ത‌് ഗവർണർക്ക‌് കൈമാറാൻ. ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ‌്ആർഒ ചാരക്കേസിനെത്തുടർന്നാണ‌് ഈ പ്രസംഗവും രാജിയും. ചാരക്കേസിൽ ആരോപണവിധേയനായ ഐജി രമൺ ശ്രീവാസ‌്തവയെ കരുണാകരൻ സംരക്ഷിക്കുന്നുവെന്ന‌് ആരോപിച്ചായിരുന്നു അന്ന‌് കോൺഗ്രസിൽ കൊട്ടാരവിപ്ലവം തുടങ്ങിയതും കരുണാകരനെ രാജിയിലെത്തിച്ചതും.
രണ്ട‌് പതിറ്റാണ്ടുകൾക്കിപ്പുറം ഇതേ ചാരക്കേസിൽ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നു. കുറ്റാരോപിതരിൽ ഒരാളായ ശാസ‌്ത്രജ്ഞൻ നമ്പി നാരായണന‌് നഷ്ടപരിഹാരം നൽകുന്നതിനു പുറമെ ജുഡീഷ്യൽ അന്വേഷണവും നടത്തണം.
ഈ അന്വേഷണം നടക്കുമ്പോൾ അന്ന‌് ഗൂഢാലോചന നടത്തിയവർക്കെതിരെ മൊഴി നൽകുമെന്ന‌് കരുണാകരന്റെ മകൾ പത്മജ വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസിലെ അഞ്ചംഗ സംഘമാണ‌് ഇതിനു പിന്നിലെന്നും അവർ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ടെന്നും അവരുടെ പേരുകൾ കമീഷൻമുമ്പാകെ വെളിപ്പെടുത്തുമെന്നും പത്മജ പറയുമ്പോൾ അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസിനകത്ത‌് നടന്നതും നടക്കുന്നതുമായ നെറികേടുകളിലേക്കാണ‌് വിരൽചൂണ്ടുന്നത‌്.
ഗൂഢാലോചനയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയാണോ എന്ന ചോദ്യത്തിന‌് അതിപ്പോൾ പറയുന്നില്ലെന്നല്ലാതെ, അല്ല എന്ന‌് പത്മജ പറഞ്ഞിട്ടില്ല. കോൺഗ്രസിലെ അധികാരവടംവലിയിൽ ഇപ്പോൾ ഉമ്മൻചാണ്ടിയുമായി അടുത്തുനിൽക്കുന്ന കെ മുരളീധരനും രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നുതന്നെയാണ‌് പ്രതികരിച്ചത‌്.
കോൺഗ്രസിലെ എ ഗ്രൂപ്പുകാരാണ‌് അന്നും ഇന്നും ഐ ഗ്രൂപ്പിന്റെ എതിർപക്ഷത്ത‌്. പരസ‌്പരമുള്ള വെട്ടിനിരത്തലുകളിൽ കരുണാകരനെ വെട്ടാൻ എ ഗ്രൂപ്പ‌് എന്നും ആയുധമാക്കിയത‌് ഇത്തരം ചതിപ്രയോഗങ്ങളാണെന്ന‌് ഐ ഗ്രൂപ്പ‌് ആരോപിക്കുന്നു.
പാമൊലിൻ കേസിലും സമാനമായ കളിയാണ‌് എ ഗ്രൂപ്പ‌് കളിച്ചത‌്. അന്നും മുഖ്യമന്ത്രി കരുണാകരൻ. ധനമന്ത്രി ഉമ്മൻചാണ്ടി. രണ്ടു കൂട്ടരും അറിഞ്ഞ‌് നടത്തിയ അഴിമതി. ഒടുവിൽ കരുണാകരനെയും അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച‌് മുസ‌്തഫയെയും ഉദ്യോഗസ്ഥരെയുംമാത്രം ബലിയാടാക്കി ഉമ്മൻചാണ്ടിയും എ ഗ്രൂപ്പുകാരും തടിയൂരുക മാത്രമല്ല, കരുണാകരനെതിരായ രാഷ്ട്രീയ ആയുധവുമാക്കി.
പാമൊലിൻ കേസ‌് വിചാരണയുടെ മറ്റൊരു ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഉമ്മൻചാണ്ടിയും ആരോപണ വിധേയനായി നിൽക്കുകയാണ‌്. ഇപ്പോഴിതാ ഐഎസ‌്ആർഒ ചാരക്കേസിലും ഗൂഢാലോചനയുടെ മുന നീളുന്നത‌് ഉമ്മൻചാണ്ടിയിലേക്കും എ ഗ്രൂപ്പിലേക്കും.
പത്മജ ഈ പേരുകൾ വെളിപ്പെടുത്തിയാൽ അത‌് കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ അന്ത്യത്തിന്റെ അവസാന ആണിയടിയുമാകും. നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഇവർ ഒന്നും വെളിപ്പെടുത്തില്ല. മറിച്ച‌് അധികാര രാഷ്ട്രീയത്തിൽ പടവുകൾ കയറാൻമാത്രമേ ഇവ ഉപയോഗിക്കാനിടയുള്ളൂ.
അങ്ങനെയാണെങ്കിലും അഴിഞ്ഞുവീഴുന്നത‌് ഉമ്മൻചാണ്ടിയുടെ മാത്രമല്ല, കോൺഗ്രസ‌് രാഷ്ട്രീയത്തിലെ ആദർശപ്പട്ടികയിലുള്ള എ കെ ആന്റണിയും വി എം സുധീരനും ഉൾപ്പെടെയുള്ളവരുടെ മുഖംമൂടിയാകും.









0 comments