അതിജീവനത്തിന്റെ സന്ദേശവുമായി ചേക്കുട്ടിപ്പാവ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2018, 07:07 PM | 0 min read

കൊച്ചി > പ്രളയത്തിനുശേഷം അതിജീവന സന്ദേശവുമായി ഒലീവു ചില്ലയും കൊത്തിക്കൊണ്ട‌് നോഹയുടെ പെട്ടകത്തിലേക്ക‌് എത്തുന്നത‌് ഒരു പ്രാവാണ‌്. മലയാളക്കരയെ മുക്കിയ പ്രളയത്തിന്റെ അതിജീവന പ്രതീകമാവുകയാണ‌് ഒരു പാവ.  ചേറുപുരണ്ട തുണിയിൽനിന്ന‌് രൂപം കൊണ്ട ‘ചേക്കുട്ടിപ്പാവ’. പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂണിറ്റിലെ ചേറിൽ മുങ്ങിയ തുണികൾ ഉപയോഗിച്ച‌് അതിജീവനത്തിന്റെ പാത തേടുകയാണിവർ.

ചേറിനെ അതിജീവിച്ച കുട്ടി എന്നാണ‌് ‘ചേക്കുട്ടി’യുടെ അർഥം. ചെളിപുരണ്ട‌് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ‌് ചേക്കുട്ടിപ്പാവയുടെ ജനനം. നശിപ്പിക്കാൻ കൂട്ടിയിട്ട തുണികൾ കണ്ട‌്, അമേരിക്കയിൽ ഡിസൈനറായ എറണാകുളം അരയൻകാവ‌് സ്വദേശിനി ലക്ഷ‌്മി മേനോനും സുഹൃത്ത‌് ഗോപിനാഥുമാണ‌് പാവ നിർമാണത്തിന്റെ സാധ്യതകൾ തേടിയത‌്. തുണികൾ അണുവിമുക്തമാക്കിയ ശേഷമാണ‌് പാവ നിർമിക്കുന്നത‌്. ഇതിനൊപ്പം നശിപ്പിക്കാൻ ഉദ്ദേശിച്ച നൂലും ഉപയോഗിക്കുന്നു. ഒരു സാരിയിൽനിന്ന‌് മുന്നൂറ്റിയമ്പതിലേറെ പാവകൾ നിർമിക്കുന്നുണ്ട‌്.

വാഹനങ്ങളിലും വീടുകളിലും അലങ്കാര വസ‌്തുവായി തൂക്കിയിടാനാവുന്ന തരത്തിലാണ‌് ചേക്കുട്ടിപ്പാവകൾ. ഒന്നിന‌് 25 രൂപ നിരക്കിലാണ‌് വിൽപ്പന. പനമ്പിള്ളി നഗറിൽ കോളേജ‌് വിദ്യാർഥികൾ ഉൾപ്പെടെ അമ്പതോളം പേരാണ‌് ഞായറാഴ‌്ച മുതൽ പാവ നിർമിക്കാനെത്തിയത‌്. പെട്ടെന്നുതന്നെ ജനശ്രദ്ധ നേടിയ ചേക്കുട്ടിക്ക‌് ഇതിനകം ആവശ്യക്കാരുടെ എണ്ണവും കൂടി. പാവ വിൽപ്പനവഴി ലഭിക്കുന്ന തുക മുഴുവൻ ചേന്ദമംഗലം കൈത്തറി യൂണിറ്റിന്റെ പുനർനിർമാണത്തിന‌ാണ‌് നൽകുന്നത‌്. പാവ നിർമാണത്തിനും വിൽപ്പനയ‌്ക്കുമായി വാട‌്സ‌്ആപ‌്, ട്വിറ്റർ, ഫേസ‌്ബുക‌് എന്നിവ ഉപയോഗിക്കുന്നു.

അതിജീവനത്തിന്റെ പാത വെട്ടിത്തുറന്ന പാവനിർമാണ സംരംഭകരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകുമെന്നും സ്റ്റാർട് അപ് മിഷനുകളുമായി ചേർന്ന് ഇത്തരം പദ്ധതികൾ കണ്ടെത്താൻ ഐടി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ‌്ബുക‌് പോസ‌്റ്റിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home