സാമ്പത്തികഭാരം അടിച്ചേൽപ്പിക്കൽ : 10ന‌് ഇടതുപാർടികളുടെ ദേശീയ ഹർത്താൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2018, 09:10 PM | 0 min read

ന്യൂഡൽഹി
ജനങ്ങൾക്കുമേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ തിങ്കളാഴ‌്ച രാജ്യവ്യാപക ഹർത്താലിന‌് അഞ്ച് ഇടതുപാർടികൾ സംയുക്തമായി ആഹ്വാനംചെയ്തു. സിപിഐ എം, സിപിഐ, സിപിഐ (മാർക്സിസ്റ്റ‌്‐ലെനിനിസ്റ്റ‌്)‐ലിബറേഷൻ, എസ്യുസിഐ (കമ്യൂണിസ്റ്റ‌്), ആർഎസ്പി എന്നീ പാർടികളാണ് ആഹ്വാനം നൽകിയത്. ഇന്ധനവില വർധനയ്ക്കെതിരെ 10ന‌് ഭാരത് ബന്ദിന‌് കോൺഗ്രസും ആഹ്വാനംചെയ്തു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ കുതിച്ചുകയറുന്ന വില രാജ്യത്തെ ജനകോടികളുടെ ജീവിതം തകർത്തിരിക്കയാണെന്ന് ഇടതുപാർടികൾ ചൂണ്ടിക്കാട്ടി. കാർഷികത്തകർച്ചയിൽ നട്ടംതിരിയുകയായിരുന്ന കർഷകർക്ക് ഇന്ധനവിലവർധന കടുത്ത ആഘാതമായി. വിലവർധന പണപ്പെരുപ്പം രൂക്ഷമാക്കുന്നു. സർവമേഖലയിലും വിനാശകരമായ ഫലമാണ് ഇത് സൃഷ്ടിക്കുന്നത‌്. രൂപയുടെ അഭൂതപൂർവമായ തകർച്ചയിൽ പ്രതിഫലിക്കുന്നത് മോഡി സർക്കാർ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയാണ്. മോഡി സർക്കാരിന്റെ വർഗീയ‐അമിതാധികാര കടന്നാക്രമണങ്ങൾക്ക് മീതെയാണ് ഈ സാമ്പത്തികആക്രമണം. റാഫേൽ യുദ്ധവിമാന ഇടപാട് പോലുള്ള സംഭവങ്ങളിലും ഈ ചങ്ങാത്തമുതലാളിത്തം പ്രകടമാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കാതെ അതിനെ നിയമപരമാക്കുകയാണ്. മോഡി സർക്കാരിനെയും അതിന്റെ നയങ്ങളെയും തള്ളിക്കളയണമെന്നും ഇടതുപാർടികൾ ആഹ്വാനംചെയ്തു. പത്തിനു രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെ ഭാരത് ബന്ദ് ആചരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home