ഡ്രോൺ പറന്നിറങ്ങി; പൊന്നാനിയുടെ ജീവിതരേഖകളുമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2018, 08:42 PM | 0 min read

പൊന്നാനി
പ്രളയദുരിതം ഒപ്പിയെടുക്കാൻ തന്റെ തകർന്ന വീടിനുമുകളിലൂടെ പറന്ന ഡ്രോണിനെ  അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട് ഈശ്വരമംഗലം പുത്തൻകുളങ്ങര അനീഷ. കൺമുന്നിൽ വന്നിറങ്ങിയ അതേ ഡ്രോണിൽ കൊണ്ടുവന്ന ഒരു കവർ പൊന്നാനി നഗരസഭാ ചെയർമാൻ സി പി മുഹമ്മദ‌്കുഞ്ഞി സമ്മാനിച്ചത‌്  തുറന്നപ്പോൾ  വലിയ സന്തോഷം. അനീഷയുടെ നാലാം ക്ലാസുകാരിയായ മകൾ ഷിഫയുടെ നഷ്ടപ്പെട്ട ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പും സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ കുറിപ്പുമായിരുന്നു കവറിൽ.

പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ ബുധനാഴ‌്ച നടന്ന  നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിതരണോദ‌്ഘാടനമായിരുന്നു വേദി. നഗരസഭാ കാര്യാലയത്തിൽനിന്ന് സർട്ടിഫിക്കറ്റുമായി പറന്നുയർന്ന ഡ്രോൺ ചമ്രവട്ടത്തെ ക്യാമ്പിൽ ഇറങ്ങിയപ്പോൾ ആഹ്ലാദത്തോടെയാണ‌്  ജനങ്ങൾ  വരവേറ്റത‌്.

പ്രളയത്തെ തുടർന്ന‌് അനീഷയുടെ  വീട് വാസയോഗ്യമല്ലാതാകുകയും രേഖകൾ നഷ്ടപ്പെടുകയും ചെയ‌്തിരുന്നു.  ദുരിതാശ്വാസ ക്യാമ്പിലാണ് അനീഷയുടെയും കുടുംബത്തിന്റെയും താമസം. ഓഫീസുകൾ കയറിയിറങ്ങി മാസങ്ങൾ കാത്തിരുന്നാൽമാത്രം കിട്ടുമായിരുന്ന സർട്ടിഫിക്കറ്റ‌്  ദിവസങ്ങൾകൊണ്ടാണ് അനീഷയുടെ കൈയിലെത്തിയത്. നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് ഇത്രയുംവേഗം ലഭ്യമാവുവെന്ന് കരുതിയില്ലെന്നും വളരെ സന്തോഷമുണ്ടെന്നും അനീഷ പറഞ്ഞു. സംസ്ഥാനത്ത് പ്രളയാനന്തരം ഡ്രോൺ  സർവേയിലൂടെ സർട്ടിഫിക്കറ്റുകൾ  വീട്ടിൽ എത്തിച്ചുനൽകിയ ആദ്യ നഗരസഭയാണ‌് പൊന്നാനി.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്താണ്  നഷ്ടങ്ങൾ മനസ്സിലാക്കുന്നതിന് ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ‌, ലെൻസ് ഫെഡ് പ്രവർത്തകർ ‌‌‌‌എന്നിവരടങ്ങിയ  ടെക്നിക്കൽ സംഘം ഫീൽഡ് സർവേക്ക് വീടുകൾ സന്ദർശിച്ചിരുന്നു.  നഷ്ടപ്പെട്ട മുഴുവൻ സാധനങ്ങളുടെയും വിവരങ്ങൾ സംഘം ശേഖരിക്കുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിലേക്ക് പകർത്തുകയും ചെയ‌്തു.

പ്രളയബാധിത മേഖലയിലെ നാശനഷ്ടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് എക്കാലത്തേക്കുമായി  രേഖപ്പെടുത്തുകയുംചെയ്യുന്ന ശാസ്ത്രീയ സർവേയാണ് പൊന്നാനിയിൽ നടന്നത്. 100 മീറ്റർമുതൽ 300 മീറ്റർവരെ ഉയരത്തിൽ പറത്തുന്ന ഡ്രോൺ ഇതിനകം പൊന്നാനിയെ ഒപ്പിയെടുത്തു. ഓരോ വീട്ടിലും നഷ്ടപ്പെട്ട വസ്തുക്കൾ, കേടുവന്ന ഉപകരണങ്ങൾ, നഷ്ടപ്പെട്ട രേഖകൾ എന്നിവ ഇതിലൂടെ ലഭ്യമായിട്ടുണ്ട്. അൽഹം ബ്രിക്സ് നോളേജ് എൻഡോവ്മെന്റ്, യുഎൽ സൈബർ പാർക്ക് എന്നിവരാണ് പദ്ധതി വികസിപ്പിച്ചത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം നഗരസഭയും 50 ശതമാനം യുഎൽസിസിയുമാണ് വഹിക്കുന്നത്. പൊന്നാനി ഈശ്വരമംഗലം ഐഎഎസ് കോച്ചിങ‌് സെന്റർ ബേസ് സ്റ്റേഷനാക്കിയാണ് സർവേ നടന്നത‌്. നഗരസഭയാണ് സംഘത്തിന് ആതിഥ്യം നൽകിയത്. അൽഹം ബ്രിക്സ് നോളേജ് എൻഡോവ‌്മെന്റ‌്  മേധാവി പി വി യാസിറാണ് പദ്ധതി  വികസിപ്പിച്ചതും നിരീക്ഷിച്ചതും.



deshabhimani section

Related News

0 comments
Sort by

Home