തത്സമയ കൗൺസലിങ് : ആദ്യദിനം എംബിബിഎസിൽ 600 പേർ പ്രവേശനം നേടി

തിരുവനന്തപുരം
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനുളള തത്സമയ കൗൺസലിങ്ങിന്റെ ആദ്യ ദിനം എംബിബിഎസിൽ 600 പേർ പ്രവേശനം നേടി. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ പഴയ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ‌്ച രാവിലെ ആരംഭിച്ച മോപ‌് അപ‌് കൗൺസലിങ്ങിൽ (സ‌്പോട്ട‌് അഡ‌്മിഷൻ) എട്ടായിരം വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 30,000 പേർ പങ്കെടുത്തു.
രാവിലെ നീറ്റ‌് നാലായിരംവരെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു കൗൺസലിങ്. ഇതിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള മുഴുവൻ സീറ്റിലും പ്രവേശനം പൂർത്തിയാക്കി. സ്വാശ്രയ കോളേജുകളടക്കം ആദ്യദിനം 600 എംബിബിഎസ‌് സീറ്റുകളിൽ പ്രവേശനം നൽകി. 130 സീറ്റിൽ ബുധനാഴ‌്ച പ്രവേശനം നടത്തും. 595 ബിഡിഎസ‌് സീറ്റിൽ 10 സീറ്റിൽ പ്രവേശം പൂർത്തിയാക്കി. ബാക്കി സർക്കാർ മേഖലയിലെ സീറ്റുകൾ സീറ്റിലേക്കുള്ള പ്രവേശനം ബുധനാഴ‌്ച നികത്തും. സ്വാശ്രയമേഖലയിലെ സീറ്റുകൾ പൂർണമായി നികത്താൻ സാധിച്ചേക്കില്ല. ആദ്യദിന കൗൺസലിങ് രാത്രി പതിനൊന്നുവരെ തുടർന്നു. ബുധനാഴ‌്ച രാവിലെ 10ന‌് പുനരാരംഭിക്കും.
എംബിബിഎസ‌്, ബിഡിഎസ‌് കോഴ‌്സുകളിൽ നേരത്തെ നടത്തിയ രണ്ട‌് അലോട്ടുമെന്റിനുശേഷം നിലവിലുള്ള ഒഴിവുകളിലേക്കും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ നാല‌് സ്വാശ്രയ മെഡിക്കൽ കോളേജിലെ 550 സീറ്റിലേക്കും അടക്കം 730 എംബിബിഎസ‌് സീറ്റിലേക്കാണ‌് മോപ‌് അപ‌് കൗൺസലിങ് ആരംഭിച്ചത‌്. എന്നാൽ, നാല‌് സ്വാശ്രയ കോളേജിൽ പ്രവേശനം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യ ചൊവ്വാഴ‌്ച സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട‌്. ഈ ഹർജി ബുധനാഴ‌്ച പരിഗണിക്കുന്നുണ്ട‌്. സുപ്രീംകോടതി ഉത്തരവിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും 550 സീറ്റിലെ പ്രവേശനത്തിന‌് സാധൂകരണം ലഭിക്കുക. പ്രവേശന പരീക്ഷാ കമീഷണർ പ്രവേശന കമീഷണർ പി കെ സുധീർബാബു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എ റംലാബീവി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട‌്.









0 comments