ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെയും അഭിഭാഷകരെയും കേന്ദ്രസര്‍ക്കാര്‍ കള്ളക്കേസുകളില്‍ കുടുക്കുന്നു: മുഹമ്മദ് റിയാസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2018, 07:49 AM | 0 min read

കൊച്ചി > ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ ജനാധിപത്യാവകാശങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഭരണകൂടഭീകരതകള്‍ നമ്മുടെ രാജ്യത്ത് തുടര്‍ക്കഥയാകുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ മഹാരാഷ്ട്ര പൊലീസ് മനുഷ്യാവകാശദളിത്ഇടതുപക്ഷ പ്രവര്‍ത്തകരുടെ വസതികളില്‍ ഇന്നലെ നടത്തിയ റെയ്ഡുകള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരവാഞ്ഛയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

റെയ്ഡുകളെത്തുടര്‍ന്ന് വിപ്ലവ കവി വരവര റാവു അടക്കം നാലുപേരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ഗൗതം നവ്‌ലഖ(ഹരിയാന), സുധ ഭരദ്വാജ്(ഹരിയാന), വേനോണ്‍ ഗൊണ്‍സാലസ്(മുംബൈ) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.ഭീമ കൊറോഗാവ് അതിക്രമത്തിനു ശേഷം ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെയും അഭിഭാഷകരെയും കേന്ദ്ര ഏജന്‍സികളും പോലീസും തെരഞ്ഞുപിടിച്ച് കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും റിയാസ് പറഞ്ഞു

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യമെമ്പാടും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കുമെതിരെ എണ്ണമില്ലാത്ത ആക്രമണങ്ങളാണ് അരങ്ങേറിയത്. ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ വെടിയുണ്ടകള്‍ പായിക്കാന്‍ പോലും മടിയില്ലാത്ത കൂട്ടര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ അഴിഞ്ഞാടുകയാണ്. ഈ അതിക്രമങ്ങളില്‍ കുറ്റക്കാരായവര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാത്ത പോലീസ് സേനയാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്.

അഭിപ്രായങ്ങള്‍ സധൈര്യം പ്രകടിപ്പിക്കാനും, അവകാശബോധത്തോടെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ബിജെപി സര്‍ക്കാര്‍ നിഷ്ഠൂരം ചവിട്ടിയരച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒരുമനസോടെ പ്രതികരിച്ചില്ലെങ്കില്‍ പോരാട്ടങ്ങളിലൂടെ നമ്മുടെ നാട് നേടിയെടുത്ത ജനാധിപത്യബോധം പഴങ്കഥയായി മാറും. അവകാശധ്വംസനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും റിയാസ് ആവശ്യപ്പെട്ടു

 



deshabhimani section

Related News

View More
0 comments
Sort by

Home