ദുരിതാശ്വാസനിധിയിലേയ്ക്ക് എട്ട് വര്‍ഷത്തെ സമ്പാദ്യവുമായി ചെന്നൈയില്‍ നിന്നും ആറാം ക്ലാസുകാരന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2018, 12:10 PM | 0 min read

തിരുവനന്തപുരം > കേരളത്തിലെ പ്രളയദുരിതത്തില്‍പ്പെട്ടുഴലുന്ന കുട്ടികളുടെ വിഷമം മനസിലാക്കി ചെന്നൈയില്‍ നിന്നും ആറാം ക്ലാസുകാരന്‍. എട്ടുവര്‍ഷമായി ചെറിയ പെട്ടിയില്‍ ശേഖരിക്കുന്ന കൊച്ചു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ചെന്നൈ  സ്വദേശി രാഹുല്‍ കാര്‍ത്തിക് രക്ഷിതാക്കളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.

പരീക്ഷക്ക് ജയിച്ചാല്‍ അച്ഛനും അമ്മയും സന്തോഷത്തോടെ നല്‍കാറുള്ള സമ്മാനത്തുകയും അമ്മൂമ്മ മിഠായിവാങ്ങാന്‍ നല്‍കുന്ന നാണയത്തുട്ടുകളും ചേര്‍ത്തുവച്ച ആറായിരത്തോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കിയത്. ചെന്നൈ മൊഗപ്പയര്‍ ഈസ്റ്റിലെ നാരായണ ഒളിമ്പ്യാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് രാഹുല്‍.

'ഞാന്‍ നല്‍കുന്ന തുക ചെറുതായിരിക്കാം. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി ഇത് സ്‌നേഹത്തോടെ സമര്‍പ്പിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍വരെ പ്രളയദുരന്തത്തില്‍ വിഷമിക്കുന്ന രംഗങ്ങള്‍ ഹൃദയഭേദകമാണ്'; രാഹുല്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.

രാഹുലിന്റെ അമ്മ ഡോ. ഹേമ കാര്‍ത്തിക് നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയില്‍ ഉദ്യോഗസ്ഥയാണ്.പ്രളയബാധിത പ്രദേശങ്ങളായ വയനാട്, എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ കൗണ്‍സലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രളയബാധിതരുടെ പ്രയാസങ്ങള്‍ നേരിട്ട് മനസിലാക്കാനായതാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കാന്‍ കാരണമെന്ന് ഡോ. ഹേമയും ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് കാര്‍ത്തിക്കും പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home