ഡാമുകള്‍ തുറന്നതില്‍ വീഴ്ചയില്ല: ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2018, 11:53 AM | 0 min read

തിരുവനന്തപുരം > കനത്ത മഴയെത്തുടര്‍ന്ന് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. മറിച്ചുള്ള പ്രചാരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. ഡാമുകള്‍ തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ സംഭരണശേഷി കവിഞ്ഞ് അവ പൊട്ടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 അത്ര കനത്ത മഴയാണ് ലഭിച്ചിരുന്നത്. പൊട്ടിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നേനെ. ഡാമുകള്‍ തുറന്നതിലൂടെ കനത്ത നാശം ഒഴിവാക്കാനായി.ബാണാസുരസാഗര്‍ തുറക്കുന്നതിനെപ്പറ്റി അറിയിപ്പു നല്‍കിയില്ലെന്നാണ്‌ ആരോപണം. ഇക്കാര്യത്തെപ്പറ്റി ചുമതലയുള്ള ചീഫ് എഞ്ചിനിയറോട് അന്വേഷിച്ചിരുന്നു. കൃത്യമായ മുന്നറിയിപ്പു നല്‍കിയെന്നാണ് അദ്ദേഹം അറിയിച്ചത്.

 മഴയെത്തുടര്‍ന്ന് ഡാം ജൂലൈ 15നാണ് ആദ്യം തുറന്നത്. മഴകുറഞ്ഞതിനെത്തുടര്‍ന്ന് അടച്ചു. ആഗസ്ത് അഞ്ചിന് വീണ്ടും തുറന്നു. രണ്ടു ദിവസത്തിനകം ഡാം നിറഞ്ഞു. പിന്നീട് മഴ കനത്തു. കലക്ടറെ അറിയിച്ചു കുറേശ്ശെ തുറന്നു വിട്ടു. മുമ്പ് കനത്ത മഴയുണ്ടായപ്പോള്‍ ഇടുക്കി ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വെള്ളത്തിലായിരുന്നു. അതിനാലാണ് ഇക്കുറി ഇടുക്കി ഡാം ആദ്യം തുറക്കാതിരുന്നത്.

 എന്നാല്‍ മഴ കൂടിയപ്പോള്‍ എല്ലാവിധ മുന്നറിയിപ്പും നല്‍കി ഇടുക്കി തുറന്നു.രണ്ടായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴ മുഴുവന്‍ ശബരിഗിരി പദ്ധതിയിലേക്കാണ് ഒഴുകി എത്തുന്നത്. ഇതോടെ പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ നിറയും. കനത്ത മഴയാണ് പ്രളയത്തിന് കാരണം.  ഡാമുകള്‍ സമയത്തിന് തുറന്നതിനാലാണ് ആഘാതം കുറക്കാനായതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home