സൈനികവേഷത്തിൽ വ്യാജപ്രചരണം നടത്തിയ ആൾക്കെതിരെ കേസെടുത്തു

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ വ്യാജപ്രചരണം നടത്തിയ ആൾക്കെതിരെ കേസെടുത്തു. ഉണ്ണി എസ് നായർ എന്നയാളാണ് ഫേസ്‌ബുക്കിൽ വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്. സൈന്യത്തോട് കേരളസർക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവർത്തനം ഏൽപ്പിക്കാത്തതെന്നുമായിരുന്നു ഇയാൾ ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞത്.
എന്നാൽ ഇയാൾ സൈനികവേഷത്തിൽ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ കുറിപ്പ് പുറത്തിറക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇന്ത്യൻ ആർമി കുറിപ്പിൽ പറയുന്നു. ഈ ദുരന്തത്തെ അതിജീവിക്കുക മാത്രമാണ് സൈന്യത്തിന്റെ ലക്ഷ്യം.
ഉണ്ണി എസ് നായരുടെ വ്യാജവീഡിയോ നിരവധി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ പൂർണ ചുമതല സൈന്യത്തിന് വിട്ടുനൽകണമെന്ന ആവശ്യത്തിൽ അർഥമില്ലെന്നും സംസ്ഥാന സർക്കാരുമായി യോജിച്ച പ്രവർത്തനം ഫലപ്രദമാണെന്നും കരസേനാ മേജർ ജനറൽ സഞ്ജീവ് നരൈൻ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.









0 comments