ദുരിതങ്ങൾ വഴിമുടക്കില്ല‌; ഓണക്കാല ആനുകൂല്യം കൈകളിലേക്ക‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2018, 06:23 PM | 0 min read

തിരുവനന്തപുരം > പ്രയാസങ്ങൾക്കിടയിലും ചിങ്ങപ്പുലരിയിൽതന്നെ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനുമെല്ലാം ജനങ്ങളിൽ എത്തിത്തുടങ്ങും. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയകാലത്തും വിവിധ വിഭാഗങ്ങൾക്കുള്ള സഹായങ്ങളും അവകാശങ്ങളും കൃത്യമായി എത്തിക്കുകയാണ‌് എൽഡിഎഫ‌് സർക്കാർ. 

കുറെയേറെ  സഹായങ്ങൾ കഴിഞ്ഞ ആഴ‌്ചതന്നെ വിതരണം തുടങ്ങിയിരുന്നു. ശേഷിക്കുന്നവയാണ‌് വെള്ളിയാഴ‌്ച വിതരണം ആരംഭിക്കുന്നത‌്. ചൊവ്വാഴ‌്ച പൂർത്തിയാകും. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഒമ്പതിന് ആരംഭിച്ചു. സഹകരണസംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണമാണ് ആദ്യം തുടങ്ങിയത‌്. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ ഒരുമിച്ചെത്തും. 40.61 ലക്ഷം പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നത‌്. പുതുതായി 89,051 പേർക്ക് പെൻഷനുണ്ട്. 1760 കോടി രൂപ ഇതിനായി നീക്കിവച്ചു.  9.6 ലക്ഷം പേർക്ക് 19 ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ വിതരണത്തിന‌് 188.56 കോടി രൂപയാണ് അനുവദിച്ചത‌്.  ക്ഷേമനിധി അംഗങ്ങളായ അരലക്ഷം ലോട്ടറി തൊഴിലാളികൾക്ക് 6000 രൂപയാണ‌് ബോണസ്. തൊഴിലുറപ്പിൽ 100 ദിവസം ജോലി ചെയ്ത11.5 ലക്ഷം പേർക്ക് 1000 രൂപ വീതമാണ‌് പ്രത്യേക ഉത്സവബത്ത. പരമ്പരാഗതമേഖലയിലെ തൊഴിലാളികൾക്കുള്ള  ആനുകൂല്യങ്ങൾക്ക‌് സർക്കാർ വിഹിതവും ലഭ്യമാക്കി.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, മുൻകൂർ എന്നിവയും വെള്ളിയാഴ‌്ച വിതരണം തുടങ്ങി. 26,000 രൂപവരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ ജീവനക്കാർക്കും 4000 രൂപയാണ‌് ബോണസ‌്. കഴിഞ്ഞവർഷത്തെ പരിധി 24,000 രൂപയായിരുന്നു. എൻഎംആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർട‌്ടൈം അധ്യാപകർ, പാർട‌്ടൈം കണ്ടിൻജന്റ് ജീവനക്കാർ എന്നിവർക്കും ബോണസുണ്ട‌്. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപയാണ‌് ഉത്സവബത്ത. 1000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി. ആശാവർക്കർമാർ, അങ്കണവാടി/ബാലവാടി അധ്യാപകർ, ആയമാർ, ഹെൽപ്പർമാർ, സ്കൂൾ കൗൺസലർമാർ, പാലിയേറ്റീവ്കെയർ നേഴ്സുമാർ, ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, മഹിളാ സമാഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതൻമാർ തുടങ്ങിയവർക്കും ഉത്സവബത്തയുണ്ട‌്. വിവിധ പെൻഷൻകാർക്ക് 1000 രൂപയാണ‌് പ്രത്യേക ഉത്സവബത്ത. സർക്കാർ ജീവനക്കാർക്ക് നൽകുന്ന അഡ്വാൻസ‌് 15,000 രൂപയാണ‌്. പാർട‌്ടൈം കണ്ടിൻജന്റ് ജീവനക്കാർ, എൻഎംആർ, സിഎൽആർ, സീസണൽ വർക്കർമാർ എന്നിവർക്ക് 5000 രൂപവരെ നൽകും. സെപ്തംബർ ഒന്നുമുതൽ ലഭിക്കേണ്ട ശമ്പളവും പെൻഷനുമാണ‌് വെള്ളിയാഴ‌്ച മുതൽ നൽകുന്നത‌്.  18, 20, 21 തീയതികളിലായി പൂർത്തിയാകും.

കനത്ത മഴയിൽ ഓണം﹣ബക്രീദ‌് ചന്തകൾ ജനങ്ങൾക്ക‌് വലിയ ആശ്വാസമാകുകയാണ‌്. 8500ൽപ്പരം ചന്തകളാണ‌് പ്രവർത്തിക്കുക. സപ്ലൈകോയുടെ ചന്തകൾ തുടങ്ങി. സഹകരണ ഓണം﹣ബക്രീദ‌് ചന്തകൾ വെള്ളിയാഴ‌്ച തുടങ്ങും. കൃഷി വകുപ്പ‌് മാത്രം 2500ൽപ്പരം പഴം, പച്ചക്കറി പ്രത്യേക ചന്തകളാണ‌് ആരംഭിക്കുന്നത‌്.



deshabhimani section

Related News

View More
0 comments
Sort by

Home