ദുരിതാശ്വാസം: ഈ ഘട്ടത്തില്‍ വേണ്ടത് സാമ്പത്തിക പിന്തുണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2018, 12:13 PM | 0 min read

തിരുവനന്തപുരം > കാലവര്‍ഷക്കെടുതിയില്‍ വീടുകളും റോഡുകളും പുനര്‍നിര്‍മ്മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യമെന്ന് മുഖ്യമന്ത്രി. വെള്ളപ്പൊക്കകെടുതി കാരണം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണവും വസ്‌ത്രവും  ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നും ഇതുപോലുള്ള സഹായ വാഗ്ദാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ എന്താണ് അത്യാവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി സാധനങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ബുദ്ധിമുട്ടി ശേഖരിക്കുന്നതും വിലകൊടുത്തുവാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകും. അതിനാല്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അറിയിക്കാന്‍ ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ഇതിനകം ചെയ്‌തു വരുന്നുണ്ട്. ഈ കുടുംബങ്ങള്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളുമാണ് അത്യാവശ്യമായും വേണ്ടത്. ക്യാമ്പുകളില്‍ എത്തിചേരാത്ത വീടുകള്‍ തകര്‍ന്നവര്‍ക്കും സമാന ആവശ്യങ്ങള്‍ തന്നെയാണുളളത്. ഇത്തരം സാധനങ്ങള്‍ അയക്കുന്നതായിരിക്കും ഉചിതം.

സാധനങ്ങള്‍ അയക്കുന്നവര്‍ അതത് ജില്ലാ കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ജില്ലക്ക് പുറത്തുനിന്ന് ഇത്തരം സഹായം അയക്കാന്‍ താല്പര്യമുളളവര്‍ ഏത് ജില്ലയിലേക്കാണോ അയക്കേണ്ടത് ആ ജില്ലയിലെ എസ്.റ്റി.ഡി കോഡ് ചേര്‍ത്ത് ഈ നമ്പറില്‍ വിളിക്കണം. ദുരിതബാധിതരെ സഹായിക്കാന്‍ സന്നദ്ധതയുള്ള എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

Home