മഴക്കെടുതി: തൃശൂരില്‍ നാശനഷ്ടം 327 കോടി; അർഹമായ സാമ്പത്തിക സഹായത്തിന് ശുപാർശ ചെയ്യും - കേന്ദ്രസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2018, 11:11 AM | 0 min read

തൃശൂർ > കനത്ത മഴക്കെടുതിയിൽ ജില്ലയിൽ ഏകദേശം 327 കോടിയിൽ പരം രൂപയുടെ നാശനഷ്ടമുണ്ടായതായി കലക്ടർ ടി വി അനുപമ ജില്ല സന്ദർശിച്ച കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. കനത്ത നാശനഷ്ടങ്ങൾക്ക് അർഹിക്കുന്ന സാമ്പത്തിക സഹായം അനുവദിക്കുവാൻ ശുപാർശ ചെയ്യുമെന്ന് കേന്ദ്രസംഘം ജില്ലാ കലക്ടർക്ക് ഉറപ്പുനൽകി. പത്തുദിവസത്തിനകം ജില്ലയിലെ നാശനഷ്ടം സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രസംഘം ആവശ്യപ്പെട്ടു.

ജില്ലയിൽ മഴക്കെടുതയിൽ നാശനഷ്ടമുണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ ഉറപ്പ്. കേന്ദ്ര കാർഷിക മന്ത്രാലയം ഡയറക്ടർ ബി കെ ശ്രീവാസ്തവ, ഊർജമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ നർസി റാം മീണ, ഗതാഗത മന്ത്രാലയം റീജ്യയണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയത്. ഇവർക്കൊപ്പം സംസ്ഥാന സർക്കാർ പ്രതിനിധിയായി കോർഡിനേറ്റിങ്ങ് ഓഫീസർ സിജി എം തങ്കച്ചനും ഉണ്ടായി.

മഴക്കെടുതയിൽ നാശനഷ്ടങ്ങളുണ്ടായ പൂങ്കുന്നം ഹരിശ്രീ നഗർ, പൊറത്തിശേരി വില്ലേജ്, കോക്കിരിപ്പാലം, ആറാട്ടുപുഴ പാലത്തിനു സമീപം ഇടിഞ്ഞ പുഴയോരം, ആറാട്ടുപുഴ കാരോട്ട്മുറി പട്ടികജാതി കോളനി, മുത്തുള്ളിയാക്കൽ, ശാസ്താം കടവ്, ആമ്പല്ലൂർ, നന്തിക്കര, ചാലക്കുടി, പിണ്ടാണി, ചാർപ്പ, മേലൂർ എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്. ജനപ്രതിനിധികളും സന്നിഹിതരായി. പുഴക്കൽ ലുലു കൺവെൻഷൻ സെന്ററിൽ കലക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ കേന്ദ്രസംഘം വിവിധ വകുപ്പുമേധാവികളുമായി നാശനഷ്ടങ്ങളെ കുറിച്ച് ചർച്ച നടത്തി. കൃഷി, കോൾമേഖല, പൊതുമരാമത്ത്, ജലസേചനം, ഹോർട്ടികൾച്ചർ, വൈദ്യൂതി മുതലായ വകുപ്പുകളുടെ മേധാവികളുമായാണ് കാര്യങ്ങൾ ചെയ്തത്. തൃശൂർ കോർപ്പറേഷൻ, നഗരസഭകൾ പഞ്ചായത്തുതലത്തിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങളെക്കുറിച്ച് കലക്ടർ കേന്ദ്രസംഘേത്താട് വിശദീകരിച്ചു. സബ് കളക്ടർ ഡോ. രേണുരാജ്, മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രതിനിധി ടി എ രാമകൃഷ്ണൻ, മന്ത്രി എ സി മൊയ്തീന്റെ പ്രതിനിധി ടി കെ വാസു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പ്രാഥമിക വിലയിരുത്തലിൽ 327 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് ജില്ലാ അധികൃതർ വിലയിരുത്തിയത്. 398.2 ഹെക്ടർ നെൽകൃഷിയിടങ്ങളിൽ 13.65 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. മൊത്തം കാർഷികയിടങ്ങളിൽ വിവിധ കൃഷി സ്ഥലങ്ങളിലായി 3.46 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കനത്ത മഴയിൽ ജില്ലയിൽ തൃശൂർ, ഇരിങ്ങാലക്കുട വൈദ്യൂത മേഖയ്ക്ക് 1.45 കോടി രൂപയാണ് നഷ്ടം. കന്നുകാലികൾ, മറ്റ് വീട്ടുമൃഗങ്ങൾ എന്നീ ഇനത്തിൽ മൊത്തം 51.33 ലക്ഷം രൂപയുടെ നഷ്ടം വരും. തകർന്ന റോഡുകളുടെ മൊത്തം നാശനഷ്ടം 250 കോടി രൂപയാണെന്നും കേന്ദ്രസംഘത്തോട് കളക്ടർ വിശദീകരിച്ചു. പഞ്ചായത്തുതലത്തിൽ 19.68 കോടി, ബ്ലോക്ക് തലത്തിൽ 28.98 ലക്ഷം, നഗരസഭയിൽ 3.73 കോടി, കോർപ്പറേഷനിൽ 7.87 കോടിരൂപയുടെയും നാശനഷ്ടങ്ങളുണ്ടായതായും ജില്ലാ കളക്ടർ വിശദീകരിച്ചു. വാട്ടർ അതോറിറ്റിക്ക് 48.18 ലക്ഷം രൂപയുടെയും ഇറിഗേഷൻ വകുപ്പിന് 2.08 കോടി രൂപയുടെയും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മഴക്കെടുതി മൂലം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 165 പുനരധിവാസകേന്ദ്രങ്ങൾ തുറന്നു. 66.82 ലക്ഷം രൂപയാണ് ഇത്തരത്തിലുണ്ടായിട്ടുള്ള നഷ്ടം. കടൽ ക്ഷേഭമുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ 67 വില്ലേജുകളിലാണ് നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. വീടുകൾ പൂർണ്ണമായും തകർന്നയിനത്തിൽ 28.53 ലക്ഷവും ഭാഗികമായി തകർന്നയിനത്തിൽ 1.87 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി. ജില്ലയിലെ 32 പാടശേഖരങ്ങളിൽ മഴക്കെടുതി മൂലം 1.72 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. പുതിയ നാശനഷ്ടങ്ങളടക്കം കണക്കാക്കി സമഗ്രമായ റിപ്പോർട് സമർപിക്കുമെന്ന് കലക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home