ചിമ്മിനിയും തുറന്നു; തൃശൂരിലെ എല്ലാ ഡാമുകളും തുറന്നു, പുഴകൾ കരകവിയുന്നു

തൃശൂര്‍ > ജലനിരപ്പ് പാരമ്യത്തിലെത്തിയതിനെ തുടർന്ന് ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ജില്ലയിലെ എല്ലാ ഡാമുകളും ഷട്ടർ തുറന്ന അവസ്ഥയായി. ആഗസ്ത് മധ്യം കഴിയാതെ ഡാമുകൾ നിറഞ്ഞ ചരിത്രമില്ല. ഓണത്തിനു മുമ്പ് എല്ലാ ഡാമുകളും തുറന്നതും ആദ്യം. അതോടൊപ്പം കാലവർഷം രണ്ടര മാസം തികയും മുമ്പേ റെക്കോഡ് ജലസംഭരണമാണ് ജില്ലയിലെ ഡാമുകളിലുള്ളതെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് 2.10നാണ് ചിമ്മിനിയുടെ നാലു ഷട്ടറുകളും രണ്ടിഞ്ചു വീതം തുറന്നത്. 76.4 മീറ്റർ ജലസംഭരണ ശേഷിയുള്ള ചിമ്മിനി ഡാമിൽ ജലനരിപ്പ് 76 മീറ്ററായപ്പോഴാണ് ഷട്ടറുകൾ ഒന്നിനു പിറകെ ഒന്നായി ഉയർത്തിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് നോക്കിയാകും ഷട്ടറുകൾ കൂടതൽ തുറക്കണമോ എന്നു തീരുമാനിക്കനാവൂ എന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ രാധാകൃഷ്ണൻ പറഞ്ഞു.
പീച്ചി ഡാമിന്റെയും വാഴാനി ഡാമിന്റെയും ഷട്ടറുകൾ നേരത്തേ തിറന്നിരുന്നു. 27ന് രണ്ടിഞ്ചു വീതം നാലു ഷട്ടറുകളും തുറന്ന പീച്ചിഡാമിൽ ഇപ്പോൾ അഞ്ചിഞ്ച് വീതമാണ് വെള്ളം തുറന്നു വിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 15, 17, 20 ഇഞ്ച് വരെ തുറന്നിരുന്നു. 79.25 മീറ്ററാണ് പീച്ചിയിലെ പരമാവധി ജലസംഭരണം. ഇപ്പോൾ 78 മീറ്ററലിധികം വെള്ളമുണ്ട്. ഒരാഴ്ചയായി ഷട്ടറുകൾ തുറന്നിരിക്കുന്ന വാഴാനി ഡാമിന്റെ അഞ്ചു സെന്റീമീറ്റർ വീതമാണ് ഇപ്പോൾ ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്.നേരത്തേ 17 സെന്റീമീറ്റർ വരെ ഉയർത്തിയിരുന്നു. 62. 40 മീറ്റർ സംഭരണ ശേഷിയുള്ള വാഴാനി ഡാമിൽ ഇപ്പോൾ 62 മീറ്ററാണ് ജലനിരപ്പ്.
ജില്ലയിൽ മൈനർ ഇറിഗേഷനു കീഴിലുള്ള ചെറിയ ജലസംഭരണികളായ പൂമല, പത്താ.ഴക്കുണ്ട്, അസുരൻകുണ്ട് ഡാമുകളെല്ലാം ഈ സീസണിൽ വളരെ നേരത്തേ നിറഞ്ഞതായി അധികൃതർ പറഞ്ഞു. കെഎസ്ഇബിക്കു കീഴിലുള്ള ജില്ലയിലെ പെരിങ്ങൽകുത്ത്, ലോവർ ഷോളയാർ ഡാമുകളുടെയും ഷട്ടറുകൾ വൻ തോതിൽ ഉയർത്തിയിട്ടുണ്ട്.
രണ്ടാഴ്ചയിലേറെയായി തുറന്നിരിക്കുന്ന പെരിങ്ങൽകുത്ത് ഡാമിൽ വെള്ളിയാഴ്ച രണ്ടു ഷട്ടറുകളിലും രണ്ടു സ്ലൂയീസുകളിലുമായി 44 അടി വെള്ളമാണ് തുറന്നു വീട്ടത്. തമിഴ്നാടിന്റെ അധീനതിയിലുള്ള അപ്പർ ഷോളയാറിന്റെയും ഷട്ടറുകൾ തുറന്നിരിക്കയാണ്. ഈ ഡാമുകളിലെ വെള്ളം ഒന്നിച്ചു വരുന്നതിനാലാണ് ചാലക്കുടി പുഴ കരകവിയുന്നത്. പീച്ചി ഡാമിലെ ഷട്ടർ തുറന്നത് മണലിപ്പുഴ, കുറുമാലി വഴി കരുവന്നൂർ പുഴയിലെത്തുമ്പോൾ ചിമ്മിനിയിൽ നിന്നുള്ള വെള്ളം കുറുമാലി വഴി കരുവന്നൂർ പഴയിലെത്തുന്നു. ഇതേ തുടർന്ന് കരുവന്നൂർ പുഴയിലും ജലനിരപ്പ് വൻ തോതിൽ ഉയർന്നു. ഭാരത പുഴയും അപകടമാം വിധമാണ‌് നിറഞ്ഞൊഴുകുന്നത‌്.









0 comments