സ്വാതന്ത്ര്യ സമരത്തിലൂടെ കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2018, 07:57 PM | 0 min read


ചങ്ങനാശേരി
കൗമാരം വിട്ടുമാറുന്നതിനു മുമ്പ് രാഷ്ട്രസേവനത്തിന്റെയും സമരത്തിന്റെയും പാതയിലേക്ക് എത്തിയിരുന്നു വി ആർ ഭാസ്കരൻ എന്ന വി ആർ ബി. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലം.

നെടുംകുന്നം വടക്കേതിൽ അയ്യപ്പന്റെ മകൻ ആറാം ക്ലാസ് വിദ്യാർഥിയായ ഭാസ്കരനും സമരത്തിന്റെ ആവേശത്തിൽ നിന്ന് മാറി നിൽക്കാനായില്ല. സ്കൂളിൽ പഠിപ്പുമുടക്കി വിദ്യാർഥികളുടെ പിന്തുണ ആ ബാലൻ തെളിയിച്ചു.

പിന്നീട് രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് പ്രവേശിച്ചപ്പോൾ യുവാവായ ഭാസ്കരൻ മറ്റൊരു സമരത്തിന്റെ പോരാളിയായി മാറിയിരുന്നു. തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനായി ഉദയം ചെയ്ത കമ്യൂണിസ്റ്റ‌് പാർടിയുടെ സജീവ പ്രവർത്തനത്തിലേക്കാണ് ഭാസ്കരൻ നടന്നടുത്തത്.

ചെറുപ്പത്തിലേ അച്ഛൻ മരിച്ചതിനാൽ വീട്ടിലെ സാഹചര്യവും പ്രതികൂലമായി. എഴാം ക്ലാസിൽ പഠിപ്പുമുടങ്ങി. നെടുംകുന്നത് കടയിട്ടുകൊണ്ട് തയ്യൽതൊഴിലാളിയായി ജീവിതം തുടങ്ങി. ഇതിനിടെ പാർടി പ്രവർത്തനത്തിലും മുഴുകി.

  പതിനാറാമത്തെ വയസ്സിലാണ് ഭാസ്കരൻ കമ്യൂണിസ്റ്റ‌് പാർടിയിൽ അംഗമായത്. പാർടി നിരോധിച്ച 1948‐51 കാലത്ത് വി ആർ ബിക്ക് പ്രായം 21 മാത്രം. ഇ എം എസും പി ടി പുന്നൂസും ഒളിവിൽ കഴിയുന്നതറിയാൻ നെടുംകുന്നത്തും പൊലീസ് എത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പതറാത്ത വി ആർ ബിയെ അറസ്റ്റു ചെയ്തു. സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി. ഈ സംഭവം കമ്യൂണിസ്റ്റ‌് പാർടിയിൽ കൂടുതൽ സജീവമാകാനാണ് ഉപകരിച്ചത്. 1952 മുതൽ പ്രവർത്തനകേന്ദ്രം ചങ്ങനാശേരിയിലേക്കായി. പാർടിയുടെ സെൽ ചങ്ങനാശേരിയിൽ രൂപീകരിച്ചു.(ഇന്നത്തെ ബ്രാഞ്ചിന് അന്ന് സെൽ എന്നായിരുന്നു പേര്).

മൂന്നാം പാർടി കോൺഗ്രസിനു മുന്നോടിയായി ലോക്കൽ‐താലൂക്ക് കമ്മിറ്റികൾ രൂപീകരിക്കുന്നതിൽ നേതൃത്വം വി ആർ ബിയ്ക്കായിരുന്നു. 53 ലാണ് താലൂക്ക് കമ്മിറ്റി നിലവിൽ വന്നത്. 56 ൽ അവിഭക്ത പാർടിയുടെ ജില്ലാ കമ്മിറ്റിയിലേക്ക് 29മ ത്തെ വയസ്സിൽ വി ആർ ബി തെരഞ്ഞെടുക്കപ്പെട്ടു.

1964 ൽ സിപിഐ എം രൂപീകരിച്ചതു മുതൽ പാർടിക്കൊപ്പം .അടിയന്തിരാവസ്ഥ നാളുകളിൽ കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് വേട്ടയാടിയപ്പോൾ വി  ആർ ബിയും 20 മാസം പൂജപ്പുര സെൻട്രൽ ജയിലിലായി.  സിപിഐ എം പിബി അംഗം  എസ്  രാമചന്ദ്രൻപിള്ളയും ഈ സമയം ജയിലിൽ ഉണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ ഇംഗ്ലീഷും സ്വായത്തമാക്കി. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ എല്ലാം മാതൃകാപരമായി നിറവേറ്റി. കോഴിക്കോട‌് സമ്മേളനം മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ. ആലപ്പുഴ സമ്മേളനത്തിൽ പ്രായാധിക്യത്താൽ ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Home