ലൈംഗിക അതിക്രമത്തിനെതിരെ നിയമനടപടിയുമായി കൂട്ടായ്‌മ; ഫേസ്‌ബുക്കിലെ ബാലലൈംഗികപീഡനത്തെ ന്യായീകരിക്കുന്ന ഉള്ളടക്കം സമാഹരിച്ച് പരാതി നൽകി

തിരുവനന്തപുരം > സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാകുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ നിയമനടപടികൾക്ക് മുൻകൈയെടുത്ത് സാംസ്‌കാരിക സംഘടനയായ സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ്(സിഎഫ്‌ജിസിഎസ്). രൂപേഷ് കുമാർ, രജേഷ് പോൾ എന്നീ വ്യക്തികൾക്കെതിരെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് ഫേസ്‌ബുക്കിലൂടെയുള്ള ഇത്തരം വെളിപ്പെടുത്തലുകളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിഎഫ്‌ജിസിഎസ് പ്രവർത്തകയായ ദിവ്യ കെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം പരാതിയില്ലാതെ തന്നെ കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്. രജേഷ് പോളിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ടത് പതിനാറ് വയസിലാണെന്ന് തന്റെ പോസ്റ്റിൽ വ്യക്തമായി പറഞ്ഞിരുന്നു. പാലക്കാട് പൊലീസ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തെ സ്വാഭാവികവൽക്കരിക്കാൻ ദീർഘകാലമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ശ്രമം നടത്തുന്നുണ്ട്. കുട്ടികളോടുള്ള ലൈംഗിക അതിക്രമം സ്വവർഗലൈംഗികതയും ട്രാൻസ്‌ജെൻഡറും പോലെ സ്വാഭാവികമായ ലൈംഗിക അഭിരുചിയാണെന്ന് വരുത്തിത്തീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇത്തരക്കാർക്കെതിരെ മുൻപും സിഎഫ്‌ജിസിഎസ് പരാതി നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും കണ്ടന്റ് നീക്കം ചെയ്യപ്പെട്ടതിനാലും ഇന്ത്യക്ക് പുറത്തുനിന്ന് കൈകാര്യം ചെയ്യുന്ന ഐഡികളായതിനാലും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായിട്ടില്ലെന്ന് സിഎഫ്‌ജിസിഎസ് ചെയർപേഴ്‌സൺ ഡോ ആരിഫ കെ സി പറയുന്നു.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഡിജിറ്റൽ മാധ്യമങ്ങളിൽ ബാലലൈംഗിക പീഡനത്തിന് അനുകൂല പൊതുബോധം രൂപപ്പെടുത്തുന്നതിനായി നേരിലും അല്ലാതെയും വ്യക്തികളോ കൂട്ടായ്മകളോ നടത്തിയ ശ്രമങ്ങളുടെ സ്‌ക്രീൻഷോട്ടും മറ്റ് വിവരങ്ങളും സിഎഫ്‌ജിസിഎസ് സമാഹരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ നൽകി മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകിയിരുന്നു.
കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളെ ‘പീഡോഫീലിയ’ എന്നു വിളിക്കുന്നതു പോലും ശരിയല്ല. അവയെ ബാലലൈംഗികപീഡനം എന്നുതന്നെ വിളിക്കണം. ‘ഫീലിയ’ എന്നാൽ സ്‌നേഹം മാത്രമാണെന്ന് ന്യായീകരിക്കുന്ന ഇക്കൂട്ടർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്ക് പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. ‐ഡോ. ആരിഫ കെ സി പറയുന്നു.
ഇത്തരത്തിൽ ന്യായീകരണങ്ങൾ ചമച്ച് തങ്ങളുടെ ലൈംഗിക വൈകൃതങ്ങൾക്ക് അവസരമുണ്ടാക്കിയെടുക്കാനുള്ള ഇവരുടെ പരിപാടികളെ രാഷ്ട്രീയവും സാമൂഹ്യവുമായി നേരിട്ട് അതിനു പിറകിലെ സാമ്പത്തിക അജണ്ടകളെയടക്കം പരാജയപ്പെടുത്തുക എന്നതാണ് സിഎഫ്‌ജിസിഎസിന്റെ ആഭിമുഖ്യത്തിലുള്ള ആക്‌ട് എഗൈൻസ്റ്റ് അബ്യൂസ് (Act Against Abuse #AAA) ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി Act Against Abuse എന്ന പേരിൽ ഫേസ്‌ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ഇവിടെ വിവിധതരം ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായവർക്ക് സധൈര്യം തങ്ങളുടെ അനുഭവങ്ങൾ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ തുറന്നുപറയാനും അവസരമൊരുക്കുന്നു.
ഡോ. ആരിഫ കെ സി (ഓങ്കോളജിസ്റ്റ്, പരിയാരം മെഡിക്കൽ കോളേജ്), ഡോ. അനീഷ്യ ജയദേവ് (പ്രൊഫസർ ഐഎംജി), ദിവ്യ കെ ( ഗവേഷക/ ഗസ്റ്റ് ലെക്ച്ചറർ, കാലടി സർവ്വകലാശാല), ഡോ. സോഫിയ കണ്ണേത്ത്, അനു ദേവരാജൻ (ഐ റ്റി സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സിഎഫ്‌ജിസിഎസിന്റെ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കല,സാഹിത്യം, സിനിമ, എന്നീ മേഖലകളിൽ ഇടപെടുന്ന സാംസ്‌കാരിക കൂട്ടായ്മയാണ് സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ്(സിഎഫ്‌ജിസിഎസ്). ലിംഗനീതി, പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളിൽ ഗവേഷണവും ക്രിയാത്മക ഇടപെടലുകളും ഈ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.









0 comments