കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും: കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ > കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നടന്ന അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കുട്ടനാട് ഇനിയും ഇത്തരത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജല നിയന്ത്രണവും, തോടുകള്‍ക്ക് ആഴം കൂട്ടുന്നതുമടക്കമുള്ള നടപടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മട കുത്തുന്നതിനായി എല്ലാവര്‍ക്കും 20 ശതമാനം പണം നല്‍കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അസാധാരണമായ ഒരു നടപടിയാണിത്. 123 മടകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.ഒക്ടോബര്‍ മാസത്തില്‍ കൃഷിയിറക്കാന്‍ കഴിയുന്ന വിധത്തില്‍ എല്ലാ മടകളും കുത്തിത്തീര്‍ക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ മട കുത്താനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
20 ശതമാനം അഡ്വാന്‍സ് നല്‍കിയിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും സുനില്‍കുമാര്‍ വിശദീകരിച്ചു. പൈസ ലഭിച്ചാല്‍ മട കുത്താന്‍ കര്‍ഷകര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടനാട് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം ഏകദേശം ആയിരം കോടി കവിഞ്ഞതായും കൃഷിയില്‍ മാത്രം 160 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രിമാര്‍ വിശദീകരിച്ചു.









0 comments