‘മീശ’: പുസ‌്തകം നിരോധിക്കുന്നത‌് ശരിയല്ല: സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2018, 07:51 PM | 0 min read


ന്യൂഡൽഹി> പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീംകോടതി. എസ് ഹരീഷിന്റെ “മീശ’ നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട  പൊതുതാൽപ്പര്യഹർജി പരിഗണിക്കവെയാണ‌് കോടതിയുടെ നിരീക്ഷണം.

നോവൽ ഭാവനയുടെ സൃഷ്ടിയാണെന്നും ഇപ്പോൾ വിവാദമായ ഭാഗം “കൊള്ളിവാക്കായി’ (സർക്കാസം) കണക്കാക്കിക്കൂടേയെന്നും കോടതി ചോദിച്ചു. നോവലിൽ രണ്ട് കൗമാര കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷമാണ് വിവാദമായത‌്. കൗമാരക്കാർ തമ്മിലുള്ള സംഭാഷണങ്ങളിൽ ഇത്തരം കാര്യങ്ങൾ വന്നുകൂടേയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സംശയം പ്രകടിപ്പിച്ചു. ഇന്റർനെറ്റിന്റെ കാലത്ത് ഇത്തരം വിഷയങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുന്നതിൽ അർഥമില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു. രണ്ട് ഖണ്ഡിക ചൂണ്ടിക്കാണിച്ച് നോവൽ മുഴുവൻ ചവറ്റുകുട്ടയിലിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുസ്തക ത്തെ അനുകൂലിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളും രംഗ ത്തെത്തി. നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വ്യക്തമാക്കി. നോവൽ  ഭാവനാത്മകമാണെന്നും വിവാദ ഭാഗം കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണംമാത്രമാണെന്നും പിങ്കി ആനന്ദ് വ്യക്തമാക്കി. പ്രസിദ്ധീകരിച്ചതിൽ രണ്ട് ഖണ്ഡികകളുടെ പേരിലാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു.  നോവലിന്റെ ഉള്ളടക്കവും വിവാദഭാഗങ്ങളും വിവർത്തനം ചെയ്ത് അഞ്ചു ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ മാതൃഭൂമിക്കുവേണ്ടി ഹാജരായ അഡ്വ. എം ടി ജോർജിനോട് കോടതി നിർദേശിച്ചു. കേസ് വിശദ  ഉത്തരവിന‌് മാറ്റിവച്ചു. നോവലിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട്  ഡൽഹി മലയാളി എൻ രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത‌്.



deshabhimani section

Related News

View More
0 comments
Sort by

Home