പാലക്കാട് കോച്ച് ഫാക്ടറി : പാർലമെന്റിനുമുന്നിൽ ഇടത് എംപിമാരുടെ ധര്‍ണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2018, 08:31 PM | 0 min read



ന്യൂഡൽഹി
പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള  കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിനുമുന്നിൽ ധർണ നടത്തി. 36 വർഷത്തെ വാഗ്ദാന ലംഘനമാണ് പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലുള്ളത്. പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാഥമിക നടപടി പോലും പൂർത്തിയാക്കാതെ മലക്കംമറിഞ്ഞ നടപടി കേന്ദ്രസർക്കാർ തിരുത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

പരസ്പര വിരുദ്ധമായ നിലപാടുകളാണ് കേന്ദ്രത്തിന്റേത്.പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന്് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രേഖാമൂലം സംസ്ഥാനത്തെ അറിയിച്ചു. പിന്നീട് നിലവിൽ പുതിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് സഭയിൽ മന്ത്രി മറുപടി നൽകി. മാധ്യമങ്ങൾക്കുമുന്നിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ റെയിൽഭവനു മുന്നിൽ ഇടതുപക്ഷ എംപിമാർ പ്രതിഷേധ ധർണ നടത്തിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോഴും അനുകൂലമായ നിലപാട് ഉണ്ടായില്ല.

സംസ്ഥാനത്തോടുള്ള അവഗണന അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കാൻ തയ്യാറാകണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.എംപിമാരായ പി കരുണാകരൻ, എളമരം കരിം, പി കെ ശ്രീമതി, എം ബി രാജേഷ്, എ സമ്പത്ത്, കെ കെ രാഗേഷ്, പി കെ ബിജു, ഇന്നസെന്റ്, ജോയ്സ് ജോർജ്, ബിനോയ് വിശ്വം, സി എൻ ജയദേവൻ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

കോച്ച് ഫാക്ടറി പദ്ധതിക്കായുള്ള ധർണയിൽ യുഡിഎഫ് എംപിമാർ പങ്കെടുത്തില്ല. യുഡിഎഫ് എംപിമാരോട് ആലോചിക്കാതെയാണ് ധർണ നടത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം ലോക്സഭാ കക്ഷി നേതാവ് പി കരുണാകരൻ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനോട് കഴിഞ്ഞദിവസം ധർണയെക്കുറിച്ചും യോജിച്ച പ്രവർത്തനമാകാമെന്നും അറിയിച്ചിരുന്നു. ഇതിന് ശേഷം പാലക്കാട് എംപി എം ബി രാജേഷും അദ്ദേഹവുമായി സംസാരിച്ച് സമരത്തിന് ധാരണയിലെത്തി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേരളത്തിൽവച്ച് നടന്ന എംപിമാരുടെ യോഗത്തിൽ കേരളത്തിലെ പ്രശ്നങ്ങൾ യോജിച്ച് ഉന്നയിക്കണമെന്നും തീരുമാനിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടതും തീരുമാനമെടുത്തതും. യുഡിഎഫ് അവരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് പി കരുണാകരൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home