ചാലക്കുടിക്കാരുടെ ആരോഗ്യ രക്ഷക്കായി ‘ശ്രദ്ധ’; ഓരോ വീട്ടിലും പരിശോധനക്ക്‌ ആരോഗ്യപ്രവർത്തകരെത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2018, 01:55 PM | 0 min read

ചാലക്കുടി > മാരക രോഗങ്ങളെയും ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന ശ്രദ്ധ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ തുടക്കമായി.

മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തി പ്രായപൂർത്തിയായ മുഴുവൻ പേരെയും ആരോഗ്യപരിശോധ നടത്തി ആവശ്യമായ നിർദേശം. പ്രായപൂർത്തിയായ മുഴുവൻ പേരുടെയും ആരോഗ്യ പരിശോധന വീടുകളിൽ എത്തി നടത്തുന്നതാണ്‌ പദ്ധതി. ഇന്നസെന്റ്‌ എംപിയും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളും ആശാ പ്രവർത്തകരും  കാലടി ആശ്രമം റോഡ് റസിഡന്റ്സ് അസോസിയേഷനിലെ വീടുകളിലെത്തി കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പദ്ധതിക്ക് തുടക്കം കുറിച്ചു.

ആശാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന സംഘങ്ങൾ ഓരോ വീടുകളിലും എത്തിയാണ് പരിശോധന നടത്തുക. പ്രമേഹം, രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, ശരീരഭാരം എന്നിവ പരിശോധിക്കുകയും ജീവിതശൈലീ രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.

തുടർചികിത്സ ആവശ്യമുള്ളവർക്ക് തൊട്ടടുത്ത പൊതുജനാരോഗ്യകേന്ദ്രം വഴി സൗജന്യമായി മരുന്നും ലഭ്യമാക്കും വിധമാണ്‌ പദ്ധതി. രാജ്യത്ത്‌ ആദ്യമായാണ് ഇത്രയും വിപുലമായ ആരോഗ്യ പരിശോധനാ പദ്ധതി നടപ്പാക്കുന്നത്.

ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് അസ്സംബ്ലി മണ്ഡലങ്ങളിലാണ് ശ്രദ്ധ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടെ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷത്തോളം വീടുകളിൽ ആണ് ആരോഗ്യ പരിശോധനക്കായി ആശാ പ്രവർത്തകർ എത്തുക.

ദേശീയ ആരോഗ്യ ദൗത്യം, കേരള സർക്കാർ ആരോഗ്യ വകുപ്പ്, ബി പി സി എൽ  കൊച്ചി റിഫൈനറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ/ താലൂക്ക് ആശുപത്രികൾ, പ്രാഥമിക/സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നീ  തട്ടുകളിൽ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നടത്തിയ ഇടപെടലുകളുടെ തുടർച്ചയിലാണ് ഓരോ വീടും കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home