അവയവമാറ്റം: എറണാകുളം ഗവൺമെന്റ‌് മെഡിക്കൽ കോളേജ‌് മധ്യമേഖലാ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2018, 07:20 PM | 0 min read



കളമശേരി
അവയവദാനം, അവയവമാറ്റം എന്നിവയ്ക്കുള്ള  മധ്യമേഖലാ കേന്ദ്രമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിനെ സർക്കാർ ചുമതലപ്പെടുത്തി. അവയവമാറ്റവും ദാനവും ഇനി  മേഖലാ സെന്ററിലെ  ട്രാൻസ‌്പ്ലാന്റ‌് കോ ‐ ഓർഡിനേറ്റർമാരായിരിക്കും  ഏകോപിപ്പിക്കുന്നത്. എറണാകുളം ഗവ. മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി  ഡോ. ഉഷ സാമുവലിനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട‌്. ഒരു മാസത്തിനകം  സെന്റർ പ്രവർത്തിച്ച് തുടങ്ങും.

മധ്യകേരളത്തിൽ അവയവം ആവശ്യമുള്ളവർ എറണാകുളം മെഡിക്കൽ കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. അതേപോലെ അവയവദാനത്തിന് തയ്യാറുള്ളവരുടെ  മസ്തിഷ്ക മരണം  ആശുപത്രി അധികൃതർ  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അറിയിക്കണം.  ഇതോടെ ഇവിടെ നിന്നുള്ള ട്രാൻസ‌് പ്ലാന്റ‌് കോ ﹣ ഓർഡിനേറ്റർ ആശുപത്രിയിലെത്തി  വിവരങ്ങൾ ശേഖരിച്ച് ഏതെല്ലാം അവയവമാണ് ദാനംചെയ്യാൻ പറ്റുക എന്ന് നിശ‌്ചയിക്കും. അവയവദാനത്തിന് ബന്ധുക്കളുടെ സമ്മതപത്രം വാങ്ങും. ഇതിന് ശേഷം അവയവം ആവശ്യമാണെന്ന് കാട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ  മുൻഗണനാ പട്ടികയനുസരിച്ച് അനുയോജ്യരായ സ്വീകർത്താവിനെ നിശ്ചയിച്ച് അവയവമാറ്റം സാധ്യമാക്കും.

അവയവദാനവും അവയവമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ റാക്കറ്റ്  പ്രവർത്തിക്കുന്നുണ്ട്. വൻകിട സ്വകാര്യ ആശുപത്രികളിലാണ് കൂടുതലായി അവയവദാനവും അവയവമാറ്റവും നടത്തുന്നത്. പലപ്പോഴും പണവും സ്വാധീനവുമാണ് അവയവദാന കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഇതൊഴിവാക്കുന്നതിനും അവയവത്തിനായി കാത്തിരിക്കുന്നവർക്ക് മുൻഗണനയനുസരിച്ച് അവയവം ലഭ്യമാക്കാനുമാണ് സർക്കാർ ഇടപെടൽ ശക്തമാക്കുന്നത്.

അർഹതപ്പെട്ടവർക്ക് അവയവം ലഭിക്കുന്ന പ്രവർത്തനം കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയാണ്  ലക്ഷ്യം. നിലവിൽ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് അവയവദാനത്തിനും മാറ്റത്തിനുമുള്ള സ്റ്റേറ്റ് നോഡൽ സെന്റർ ആയി പ്രവർത്തിക്കുകയാണ്. കൂടുതൽ ഫലപ്രദമായ ഇടപെടലിനായാണ് മേഖലാ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. വടക്കൻ കേരളത്തിലെ മേഖലാ കേന്ദ്രമായി     കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജും തെക്കൻ കേരളത്തിലേത് തിരുവനന്തപുരം മെഡിക്കൽ കോളേജുമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home