ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ‌് : യുഡിഎഫ‌് കാലത്തെപൊലീസ‌് ഭീകരത

തിരുവനന്തപുരം > കസ‌്‌റ്റഡിയിലെടുത്ത ഉദയകുമാറിനെ ലോക്കപ്പിൽ ഉരുട്ടിക്കൊന്നതും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതും 2001﹣ 2006 യുഡിഎഫ‌് ഭരണകാലത്താണ‌്. ബഞ്ചിൽ കിടത്തി ഇരുമ്പുപൈപ്പുകൊണ്ട‌് നെഞ്ചിലും തുടയിലും ഉരുട്ടിയാണ‌് ഉദയകുമാറിനെ കൊലപ്പെടുത്തിയത‌്.
അടിയന്തരാവസ്ഥക്കാലത്ത‌് രാജൻ, മൂന്നു പതിറ്റാണ്ടിനിപ്പുറം തിരുവനന്തപുരത്തെ ഉദയകുമാർ, പത്തുവർഷം തികയുന്നതിനുമുമ്പ‌് നെയ്യാറ്റിൻകരയിലെ ശ്രീജീവ‌്... യുഡിഎഫ‌് ഭരണകാലത്തെ പൊലീസ‌് ഭീകരതയുടെ ഇരകളാണ‌് ഇവർ. കുറ്റം തടയാൻ ശ്രമിക്കാതിരിക്കുക മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കുക കൂടിയാണ‌് യുഡിഎഫ‌് ഭരണം ചെയ‌്തത‌്. അടിയന്തരാവസ്ഥക്കാലത്ത‌് രാജൻ കേസിലും ഉദയകുമാറിന്റെ കേസിലും പ്രതികളെ രക്ഷിക്കാൻ നഗ്നമായ ഇടപെടലുകളാണ‌് അക്കാലത്തെ ആഭ്യന്തരവകുപ്പ‌് നടത്തിയത‌്. ശ്രീജീവിന്റെ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത‌് ഇപ്പോഴത്തെ എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ‌്.
ഇപ്പോൾ കേരളത്തിൽ പൊലീസ‌് ഭീകരതയെന്ന‌് നിലവിളിച്ചു നടക്കുന്ന പ്രതിപക്ഷവും മാധ്യമങ്ങളും ഇക്കാര്യങ്ങൾ മറച്ചുവയ‌്ക്കുകയാണ‌്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിലവിട്ടു പെരുമാറിയ പൊലീസ‌് ഓഫീസർമാരെല്ലാം ഇന്ന‌് നടപടി നേരിട്ടുകൊണ്ടിരിക്കുന്നു. ഉദയകുമാർ കേസിലാകട്ടെ സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റാനും വ്യാജരേഖ ചമയ‌്ക്കാനും ഉന്നത ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നു. 2006ൽ എൽഡിഎഫ‌് സർക്കാർ വന്നശേഷമാണ‌് ഉദയകുമാറിന്റെ അമ്മയ‌്ക്ക‌് ഇടക്കാല ധനസഹായമായി 10 ലക്ഷം രൂപയും വീടും നൽകിയത‌്. സംശയത്തിന്റെ പേരിൽ കസ‌്റ്റഡിയിലെടുത്ത യുവാവിനെ അതിക്രൂര പീഡനത്തിനിരയാക്കിയും തെളിവുനശിപ്പിച്ചും യുഡിഎഫ‌്കാലത്തെ പൊലീസ‌് ക്രൗര്യം കാണിച്ചു.









0 comments