കല കുവൈറ്റിന്റെ വി സാംബശിവൻ സ്‌മാരക പുരസ്‌കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

തിരുവനന്തപുരം > പ്രവാസി മലയാളികളുടെ കലാ‐സാംസ്‌കാരിക കൂട്ടായ്‌മയായ കല കുവൈറ്റിന്റെ സാംബശിവൻ സ്‌മാരക പുരസ്‌കാരം പാലോളി മുഹമ്മദ് കുട്ടിക്ക്. 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന അവാർഡ് അടുത്തമാസം 12ന് പട്ടാമ്പിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
കേരളാ ആർട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈറ്റ്) അനശ്വര കാഥികൻ വി സാംബശിവന്റെ സ്‌മരണാർഥമുള്ള പുരസ്‌കാരം സാമൂഹ്യ‐സാംസ്‌കാരിക‐രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർക്കാണ് നൽകിവരുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കുവൈറ്റ് കല ട്രസ്റ്റ്' 2000 മുതലാണ് ഈ പുരസ്‌കാരത്തിന് തുടക്കമിട്ടത്. ഒഎന്‍വി കുറുപ്പ്, പി ഗോവിന്ദപിള്ള, പ്രഭാവര്‍മ്മ, കെടാമംഗലം സദാനന്ദന്‍, കെപിഎസി സുലോചന, നിലമ്പൂര്‍ ആയിഷ, പി കെ മേദിനി, അനില്‍ നാഗേന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, കെ ആർ മീര, ഇബ്രാഹിം വേങ്ങര ഉള്‍പ്പെടെയുള്ളവർ മുൻവർഷങ്ങളിൽ കല ട്രസ്റ്റ് അവാര്‍ഡിന് അർഹരായിട്ടുണ്ട്.

കല ട്രസ്റ്റ് ചെയർമാൻ എം വി ഗോവിന്ദൻ, കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട്, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, കല കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, റോയി നെൽസൺ എന്നിവര്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments