അഭിമന്യു വധം : ഗൂഢാലോചന വാട‌്സാപ്പുവഴി

സ്വന്തം ലേഖിക
മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച ഗൂഢാലോചന നടത്തിയത‌് വാട‌്സാപ്പുവഴിയെന്ന‌് സൂചന. പ്രധാനപ്രതി ജെ ഐ മുഹമ്മദിനെ ചോദ്യംചെയ‌്തതിൽനിന്നാണ‌് ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന‌് ലഭിച്ചത‌്. ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ‌് മുഹമ്മദ‌്.
കൊലയാളിസംഘത്തെ കോളേജിനു സമീപത്തേക്ക‌് വിളിച്ചുവരുത്തിയത‌് ഇയാളാണ‌്. വാട‌്സാപ്പുവഴി ഇതിനായി സന്ദേശങ്ങൾ കൈമാറിയതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട‌്. വാട‌്സാപ്പ‌് സന്ദേശങ്ങളും അതിനുപയോഗിച്ച മൊബൈൽഫോണുകളുമുൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തേണ്ടതുണ്ട‌്. ഈ തെളിവുകൾ ശേഖരിക്കാനും കൂടുതൽ അന്വേഷണത്തിനും മുഹമ്മദിനെയും അഞ്ചാംപ്രതി ആദിലിനെയും 25﹣ാം പ്രതി ഷാനവാസിനെയും കസ‌്റ്റഡിയിൽ വിട്ടുകിട്ടണമെന്ന‌് പൊലീസ‌് നൽകിയ കസ‌്റ്റഡി അപേക്ഷയിൽ പറഞ്ഞു.
ഒന്നാംപ്രതി മുഹമ്മദും ആലുവ സ്വദേശി എസ‌് ആദിലും പ്രധാന ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട‌്. ആയുധങ്ങളുമായാണ‌് കൊലയാളി സംഘമെത്തിയതെന്ന‌് ആദിൽ മൊഴി നൽകിയിട്ടുമുണ്ട‌്. അങ്ങനെയെങ്കിൽ കൊലയ‌്ക്കുപയോഗിച്ച ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇവർക്കറിയാമെന്നാണ‌് അന്വേഷണസംഘം കരുതുന്നത‌്. ഈ ആയുധങ്ങൾ തെളിവെടുപ്പിന്റെ ഭാഗമായി ശേഖരിക്കേണ്ടതുണ്ട‌്. ഗൂഢാലോചന നടത്തി, ആസൂത്രണംചെയ‌്ത‌് നടപ്പാക്കിയ കൊലപാതകമാണ‌് അഭിമന്യുവിന്റേതെന്നാണ‌് പൊലീസിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ കസ‌്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട‌്.
മുഹമ്മദടക്കം 3 പേരെ കസ‌്റ്റഡിയിൽ വാങ്ങി
അഭിമന്യു വധക്കേസിലെ പ്രധാനപ്രതി ജെ ഐ മുഹമ്മദുൾപ്പെടെ മൂന്നുപേരെ പൊലീസ‌് കസ‌്റ്റഡിയിൽവിട്ടു. എട്ടുദിവസത്തേക്കാണ‌് മുഹമ്മദ‌്, അഞ്ചാംപ്രതി ആലുവ സ്വദേശി ആദിൽ, 25﹣ാം പ്രതി ഷാനവാസ‌് എന്നിവരെ പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടത‌്. കൂടുതൽ അന്വേഷണങ്ങളുടെയും തെളിവുശേഖരണത്തിന്റെയും ഭാഗമായി ഇവരെ കസ‌്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട‌് അന്വേഷണസംഘം എറണാകുളം ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ‌് കസ‌്റ്റഡി അനുവദിച്ചത‌്.
അതിനിടെ, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരുമായ തോപ്പുംപടി ചുള്ളിക്കൽ ജെഫ്രി, കല്ലറയ‌്ക്കൽപറമ്പിൽ നവാസ‌്, മട്ടാഞ്ചേരി സ്വദേശി അനസ‌് എന്നിവരുടെ റിമാൻഡ‌് കാലാവധി ആഗസ‌്ത‌് നാലുവരെ നീട്ടി.
കേസിലെ പ്രധാന പ്രതികളിലൊരാളായ അരൂക്കുറ്റി വടുതല സ്വദേശി ജെ ഐ മുഹമ്മദിനെ നാലുദിവസംമുമ്പാണ‌് അന്വേഷണസംഘം അറസ‌്റ്റുചെയ‌്തത‌്. ക്യാമ്പസ‌് ഫ്രണ്ട‌് മഹാരാജാസ‌് കോളേജ‌് യൂണിറ്റ‌് സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ‌് ഇയാൾ. താനുൾപ്പെട്ട സംഘമാണ‌് കൊലപാതകം ആസൂത്രണംചെയ‌്തതെന്ന‌് ഇയാൾ പൊലീസിന‌് മൊഴി നൽകിയിട്ടുണ്ട‌്.
അഭിമന്യു കൊല്ലപ്പെട്ട‌് 13﹣ാം ദിവസമാണ‌് കേസിലെ അഞ്ചാംപ്രതിയും ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റിയംഗവുമായ എസ‌് ആദിൽ പൊലീസ‌് പിടിയിലായത‌്. ഇയാളിൽനിന്നും കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന‌് ശേഖരിക്കേണ്ടതുണ്ട‌്. വിവിധ ഭാഗങ്ങളിൽനിന്ന‌് കൊലപാതകസംഘത്തെ ഏർപ്പാടാക്കുകയും കോളേജിലെത്തിക്കുന്നതിന്റെ ഏകോപനം നിർവഹിക്കുകയുംചെയ‌്ത ആദിൽ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നതായാണ‌് സൂചന. ആക്രമണത്തിന‌് മുന്നൊരുക്കം നടത്തി ആയുധങ്ങളുമായാണ് എത്തിയതെന്ന് ആദിൽ പൊലീസിന‌് മൊഴി നൽകിയിരുന്നു.
അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളിലൊരാളെന്ന‌് കരുതുന്ന ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ‌് റിഫയെ സംഭവത്തിനുശേഷം രക്ഷപ്പെടാൻ സഹായിച്ചത‌് 25﹣ാം പ്രതി ഷാനവാസാണെന്ന‌് പൊലീസ‌് പറയുന്നു. പൂത്തോട്ടയിലെ സ്വകാര്യ ലോകോളേജിൽ വിദ്യാർഥിയായ റിഫ, അഭിമന്യു വധത്തിനുശേഷം തലശ്ശേരിയിൽ എത്തിയിരുന്നുവെന്നും അവിടെനിന്ന‌് ഇയാളെ രക്ഷപെടാൻ സഹായിച്ചത‌് ഷാനവാസ‌് ആണെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം തലശ്ശേരിയിൽനിന്നുതന്നെയാണ‌് ഷാനവാസ‌് പിടിയിലായതും.









0 comments