സംഘപരിവാര്‍ ഭീഷണി മൂലം ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചത് ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു: പി രാജീവ്

കൊച്ചി > സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭുമി വാരികയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന എസ്. ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്. നോവല്‍ എഴുത്തുകാരന്റെ ഭാവനയുടെ സൃഷ്ടിയാണ്. ജീവിക്കുന്ന കാലവും സാമൂഹ്യ ജീവിതവും ബോധപൂര്‍വ്വവും അല്ലാതെയും കൃതികളില്‍ പ്രതിഫലിച്ചെന്നും വരും.
കഥാപാത്രങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നു വരെ വര്‍ഗ്ഗീയ ശക്തികള്‍ തീരുമാനിക്കുമെന്ന് പറയുന്ന സ്ഥിതി അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും രാജീവ് വ്യക്തമാക്കി. ഏതെങ്കിലും സാഹിത്യ കൃതിയിലെ ഏതെങ്കിലും കഥാപാത്രം പറയുന്നതോടു കൂടി ഒലിച്ചുപോകുന്നതാണ് വിശ്വാസിയുടെ വിശ്വാസമെന്ന് സംഘപരിവാറുകാര്‍ പ്രഖ്യാപിക്കുന്നു! അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഴുത്തുകാരനെ മാത്രമല്ല കുടുംബത്തേയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ഇതു കേട്ട് നോവലിസ്റ്റ് നോവല്‍ പിന്‍വലിക്കുന്നു . ഇത്തരം കാര്യങ്ങള്‍ ഗൗരവമായ വാര്‍ത്തയായി മാതൃഭൂമിയിലും കണ്ടില്ല. സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം . കൃതിയെ വിമര്‍ശിക്കാന്‍ വായനക്കാര്‍ക്കും അവകാശമുണ്ട്. എന്നാല്‍, നിര്‍മ്മാല്യം ഉള്‍പ്പെടെയുള്ള മഹത്തായ കലാസൃഷടികള്‍ പിറന്ന മണ്ണില്‍ ഇതു പോലുള്ള ഭീഷണികള്‍ പ്രതിരോധിക്കേണ്ടതാണെന്നും പി രാജീവ് പറഞ്ഞു









0 comments