സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി; 'മീശ' നോവല്‍ എഴുത്തുകാരന്‍ എസ് ഹരീഷ് പിന്‍വലിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2018, 10:02 AM | 0 min read

കൊച്ചി > മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'മീശ' നോവല്‍ പിന്‍വലിക്കുകയാണെന്ന്  എഴുത്തുകാരന്‍ എസ് ഹരീഷ്. 'ചില സംഘടനകളുടെ ഭീഷണിയെ' തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ വ്യക്തമാക്കി. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ ആണ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെക്കുന്നത്.

ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഭാഗത്തില്‍ വിവാദ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അടക്കം ചില സംഘടനകള്‍  ഹരീഷിനെതിരെ ഭീഷണി മുഴക്കിയത്. ഭീഷണിയോടൊപ്പം കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായതായും എഴുത്തുകാരന്‍ പറഞ്ഞു. അതിനെ തുടര്‍ന്നാണ്‌ നോവല്‍ പിന്‍വലിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു.

ആഴ്ചപതിപ്പിലെ നോവലിനെനെ ചൊല്ലി കൊച്ചി മാതൃഭൂമി സംഘടിപ്പിച്ച ആധ്യാത്മിക  പുസ്തകോത്സവം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെത്തി അടപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുസ്തകോത്സവം നടക്കുന്ന  അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററിലേക്ക്  വെള്ളിയാഴ്ച വൈകിട്ട് പ്രകടനമായെത്തിയ ഹിന്ദു ഐക്യവേദി  പ്രവര്‍ത്തകര്‍ പുസ്തകമേള അലങ്കോലപ്പെടുത്തുകയായിരുന്നു.

2108 ലെ മികച്ച കഥാസമാഹാരത്തിനുള്ള  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എസ് ഹരീഷിനായിരുന്നു. ആദം എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു  പുരസ്‌കാരം. രസവിദ്യയുടെ ചരിത്രം, ആദം, അന്ത്യപ്രഭാഷണം പ്രൊഫസര്‍ : റാന്‍ഡി പോഷ്(വിവര്‍ത്തനം), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം),മീശ (നോവല്‍) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍

കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 



deshabhimani section

Related News

0 comments
Sort by

Home