കേന്ദ്രം കൈയൊഴിഞ്ഞ പൊതുമേഖലാ സ്ഥാപനത്തിന് കേരളത്തിന്റെ കൈത്താങ്ങ്... ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് പാലക്കാട് ഏറ്റെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം > ബിജെപി സർക്കാർ പൂട്ടാനിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. വെള്ളിയാഴ്‌ചയാണ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്. രാജ്യത്താദ്യമായാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം പൂട്ടാന്‍ നിശ്ചയിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളുടെയും കുടിശ്ശികയും മറ്റ് ബാധ്യതകളും സഹിതമാണ് സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. കോടതിയിലുള്ള കേസുകൾ തീരുന്ന മുറക്ക് ഇവ കൊടുത്തു തീർക്കും. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് പാലക്കാട് എന്ന സ്ഥാപനത്തിന്റെ ആസ്‌തികളെല്ലാം ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരള എന്ന പുതിയ കമ്പനി രൂപീകരിച്ച് അതിലേക്ക് കൈമാറ്റം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
1974ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് പാലക്കാട് ജില്ലയിൽ കഞ്ചിക്കോട്ടുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ലോകോത്തര ഗുണനിലവാരമുള്ള കണ്‍ട്രോള്‍ വാല്‍വ് നിര്‍മിക്കുന്ന സ്ഥാപനമാണിത്. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ രാജസ്ഥാനിൽ പ്രവർത്തിക്കുന്ന ആസ്ഥാനയൂണിറ്റ് നഷ്ടത്തിലായതിനാല്‍ അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചുവിട്ടു. നഷ്‌ടത്തിലായ ആസ്ഥാന യൂണിറ്റിനൊപ്പം ലാഭത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് യൂണിറ്റും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു.
അതോടെ ലാഭത്തില്‍ പ്രവര്‍ത്തിച്ച കഞ്ചിക്കോട് യൂണിറ്റ് സ്വതന്ത്രമാക്കണമെന്ന് എം ബി രാജേഷ് എംപി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ കേന്ദ്രം സന്നദ്ധത അറിയിച്ചു. എന്നാൽ അന്ന് അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതിനു വേണ്ട നടപടികൾ കൈക്കൊണ്ടില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ കമ്പനി ഏറ്റെടുക്കാനുള്ള നീക്കം ശക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും രുപീകരിച്ചു. വിപണിവില നല്‍കി ഏറ്റെടുക്കാനും ധാരണയായി.
കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്‌ടത്തിലേക്ക് തള്ളിവിട്ട ശേഷം സ്വകാര്യവൽക്കരിക്കുന്ന സമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രം സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച സ്ഥാപനം കൂടി ഏറ്റെടുത്ത് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയം ഉയർത്തിപ്പിടിക്കുകയാണ് ചരിത്രപരമായ ഈ ഉത്തരവിലൂടെ സംസ്ഥാന സർക്കാർ.









0 comments