സിപിഐ എമ്മിനെതിരെ വ്യാജ വീഡിയോയുമായി എസ്ഡിപിഐ; കൊടികള്‍ ചേര്‍ത്തുവച്ചുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് നുണപ്രചരണം

തിരുവനന്തപുരം > തമിഴ്‌നാട്ടില്‍ സിപിഐ എം ഓഫീസില്‍ എസ്ഡിപിഐ പരിപാടി എന്ന പേരില്‍ നവമാധ്യമങ്ങളില്‍ കൃത്രിമ വീഡിയോ ഉപയോഗിച്ച് നുണ പ്രചാരണം. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിന് സമീപത്തെ തേങ്ങാപ്പട്ടണം ബ്രാഞ്ച് ഓഫീസില്‍ കൃത്രിമമായി ഉണ്ടാക്കിയ ദൃശ്യങ്ങളാണ് സിപിഐ എം വിരുദ്ധ പ്രചാരണായുധമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. തുറന്നിട്ട ഓഫീസില്‍ ആരുമില്ലാത്ത സമയത്ത് നുഴഞ്ഞുകയറിയാണ് കൃത്രിമ വീഡിയോ തയ്യാറാക്കിയത്.
ഇവിടെ പാര്‍ടി ഓഫീസിനോട് ചേര്‍ന്ന് വായനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ത്തമാന പത്രങ്ങളും ആനുകാലികങ്ങളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ഓഫീസ് തുറക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെനിന്നാണ് പത്രങ്ങളും ആനുകാലികങ്ങളും വായിക്കാറ്. രാത്രി മാത്രമേ ഓഫീസ് അടയ്ക്കാറുള്ളൂ.
രാവിലെ ഓഫീസ് തുറന്ന ശേഷം പോകുന്ന പ്രവര്‍ത്തകര്‍ പതിവായി രാത്രിയെ തിരിച്ചെത്താറുമുള്ളൂ. ഓഫീസിന് പുറത്തുള്ള പൊതുസ്ഥലത്ത് രാഷ്ട്രീയ പാര്‍ടികളും വിവിധ സംഘടനകളുമെല്ലാം സ്‌റ്റേജ് കെട്ടി പൊതുപരിപാടി സംഘടിപ്പിക്കാറുണ്ട്. ജൂലൈ 15ന് ഇവിടെ എസ്ഡിപിഐയും ഒരു പൊതുപരിപാടി സംഘടിച്ചു.
പരിപാടി തുടങ്ങുന്നതിന് മുമ്പ് മഴ പെയ്തപ്പോള്‍ മൈക്ക് ഓപറേറ്റര്‍ മൈക്കും ആംപ്ലിഫയറും മറ്റും നനയാതിരിക്കാന്‍ തൊട്ടടുത്തുള്ള ബ്രാഞ്ച് ഓഫീസിലേക്ക് കയറ്റിവച്ചു. മൈക്കിനൊപ്പം എസ്ഡിപിഐയുടെ കൊടികളും ഓഫീസില്‍ കൊണ്ടുവച്ചു. പരിപാടി പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് ആരംഭിച്ചത്. സിപിഐ എമ്മിന്റെ കൊടികളും കഴിഞ്ഞ കന്യാകുമാരി ജില്ലാ സമ്മേളന പ്രചരണ ബോര്‍ഡുകളും ഓഫീസിലുണ്ടായിരുന്നു.
ഈ സമയം ഓഫീസില്‍ കയറിയ എസ്ഡിപിഐക്കാര്‍ സിപിഐ എമ്മിന്റെ കൊടിയും എസ്ഡിപിഐയുടെ കൊടിയും ചേര്‍ത്തുവെച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനായി ഓഫീസിലെ മേശപ്പുറത്ത് കൊടികള്‍ വിരിച്ചിട്ടു. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ കരിവാരിത്തേക്കാന്‍ ഈ കൃത്രിമ വീഡിയോ ആയുധമാക്കിയപ്പോള്‍ മാത്രമാണ് സിപിഐ എം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂലൈ 15ന് എസ്ഡിപിഐക്കാര്‍ ഓഫീസില്‍ കയറിയതും വീഡിയോ ചിത്രീകരിച്ചതും അറിയുന്നത്. സമീപവാസികള്‍ ഇത് കണ്ടിരുന്നെങ്കിലും സംഭവത്തിന്റെ ഗൗരവം മനസിലായിരുന്നില്ല. സിപിഐ എം പ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയപ്പോഴാണ് അവര്‍ സംഭവം പുറത്ത് പറയുന്നത്. ഈ കൃത്രിമ വീഡിയോ ആണ് എസ്ഡിപിഐക്കാരും സംഘപരിവാറുകാരും കോണ്‍ഗ്രസും ലീഗുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
സിപിഐ എം ഓഫീസില്‍ കയറി അനുവാദമില്ലാതെ പാര്‍ടി കൊടിയെടുത്ത് ജനത്തെ തെറ്റിദ്ധരിപ്പിക്കുംവിധം വീഡിയോ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ ബ്രാഞ്ച് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. സിപിഐ എമ്മിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനുമായാണ് ചിലര്‍ ബോധപൂര്‍വ്വം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതെന്ന് സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആര്‍ ചെല്ലസ്വാമി 'ദേശാഭിമാനി' യോട് പറഞ്ഞു.
പാര്‍ടി പ്രവര്‍ത്തകര്‍ ഇല്ലാത്ത സമയത്താണ് എസ്ഡിപിഐ പരിപാടിയുടെ കൊടികളും ബാനറും ബ്രാഞ്ച് ഓഫീസില്‍ കൊണ്ടിട്ടത്. പ്രവര്‍ത്തകരുടെ അറിവോടെയല്ല ഇത്. സിപിഐ എം-എസ്ഡിപിഐ സഖ്യമെന്ന നിലയിലുള്ള ഇത്തരം വ്യാജ പ്രചരണങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments