അഭിമന്യു കൊലപാതകം: കേസ് അട്ടിമറിക്കാൻ മനോരമ നടത്തിയത് നികൃഷ്‌ടനീക്കം; പിതാവിന്റെ തേങ്ങലും രാഷ്‌ട്രീയ ആയുധമാക്കി

തിരുവനന്തപുരം > അഭിമന്യു വധക്കേസിൽ ഒന്നാംപ്രതി ഉൾപ്പെടെ പൊലീസ് വലയിലായതോടെ അന്വേഷണം അട്ടിമറിക്കാൻ മലയാള മനോരമ നടത്തിയ നികൃഷ്ടനീക്കങ്ങളും ചർച്ചയാകുന്നു. അഭിമന്യു കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസംമുതൽ ഒന്നാം പ്രതി ‘സൈബർ സഖാവ്’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്തവരെ അന്വേഷണം അട്ടിമറിക്കാൻ മനോരമ പയറ്റിയ തന്ത്രങ്ങൾ നിരവധി. മനോരമയുടെ പാത പിന്തുടർന്ന് മറ്റുചില മാധ്യമങ്ങളും നുണകൾ തീർത്തു.
ഏകപക്ഷീയമായ തീവ്രവാദി അക്രമത്തിലാണ് അഭിമന്യു ദാരുണമായി കൊല്ലപ്പെട്ടത്. എന്നാൽ, എസ്എഫ്ഐ﹣ക്യാമ്പസ് ഫ്രണ്ട് സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ചെന്നായിരുന്നു മനോരമയടക്കമുള്ള ചില മാധ്യമങ്ങളുടെ ആദ്യനാളത്തെ കഥ. പതിവുപോലെ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കിയുള്ള നുണ. ഇത് ഏശിയില്ലെന്ന് മാത്രമല്ല, തിരിച്ചടിയായി എന്ന് മനസ്സിലായതോടെ ചുവട് മാറ്റിയ മനോരമ, വളഞ്ഞ വഴിയിലൂടെ എസ്എഫ്ഐയെയും സിപിഐ എമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി. പ്രതികൾ ആരെന്ന് പകൽപോലെ വ്യക്തമായിട്ടും ദുരൂഹത സൃഷ്ടിച്ചുകൊണ്ടേയിരുന്നു. തുടർച്ചയായി അഭിമന്യുവിനെ ഫോണിൽ വിളിച്ച് കോളേജിൽ എത്തിച്ചത് ആരെന്ന ചോദ്യമായിരുന്നു ഇതിലൊന്ന്. ഈ വാദം എസ്ഡിപിഐക്കാർ ഏറ്റെടുത്തതിലൂടെയാണ് മനോരമയുടെ കുടിലത തുറന്നുകാട്ടപ്പെട്ടത്. കോളേജിനുചുറ്റും നിരവധി പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിട്ടും സംഭവം നടന്ന വിവരമറിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ ശ്രമിച്ചില്ല എന്ന കഥ മെനഞ്ഞും പുകമറ സൃഷ്ടിച്ചു.
ഒരുസംഘം തീവ്രവാദികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരുകൃത്യം നടത്തിയാൽ എറണാകുളം പോലുള്ള മെട്രോനഗരത്തിൽ നിന്ന് രക്ഷപ്പെടാൻ വഴികൾ പലതാണെന്ന് അറിയാത്തവരല്ല മനോരമയുടെ ലേഖകർ. എന്നിട്ടും രക്ഷപ്പെടാൻ പൊലീസ് സഹായിച്ചെന്നുവരെയുള്ള ധ്വനി സൃഷ്ടിച്ചതിനുപിന്നിലും പ്രതികൾ എസ്ഡിപിഐക്കാരല്ല എന്ന് വരുത്താനുള്ള ബോധപൂർവ ശ്രമമായിരുന്നു.
പ്രതികൾ വിദേശത്തേക്ക് കടന്നെന്നും വിമാനത്താവളങ്ങളിൽ അലർട്ട് നൽകുന്നതിൽ വീഴ്ച വരുത്തിയെന്നുമുള്ള കള്ളക്കഥയും മെനഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുത്ത് ഒളിത്താവളം മാറാൻ ചില പൊലീസുകാർ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന നുണയുടെ ഉദ്ദേശ്യവും മറ്റൊന്നല്ല.
പിതാവിന്റെ തേങ്ങലും രാഷ്ട്രീയ ആയുധമാക്കി
മകന്റെ വേർപാടിൽ ഹൃദയം പൊട്ടിനിൽക്കുന്ന പിതാവിന്റെ തേങ്ങൽപോലും രാഷ്ട്രീയ ആയുധമാക്കി മനോരമ. 10 ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ്ചെയ്തില്ലെങ്കിൽ താനും ഭാര്യയും ആത്മഹത്യ ചെയ്യുമെന്ന് അഭിന്യുവിന്റെ പിതാവ് പറഞ്ഞെന്നായിരുന്നു ആ കഥ. കുടുംബം സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനും എതിരാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ അക്കഥയും പൊളിഞ്ഞു. മകൻ ജീവന് തുല്യം സ്നേഹിച്ച പ്രസ്ഥാനത്തെ നെഞ്ചേറ്റുന്നവരാണ് അഭിമന്യുവിന്റെ കുടുംബം.
ആ കുടുംബത്തോടൊപ്പമാണ് ഈ പ്രസ്ഥാനവും സർക്കാരും. അഭിമന്യുവിനെ മൃഗീയമായി കൊന്ന തീവ്രവാദികൾക്കെതിരെ ശക്തമായ ജനരോഷമുയരുമ്പോൾ മനോരമയ്ക്ക് മുന്നിൽ മറ്റ് വഴികളില്ല. എങ്ങനെയെങ്കിലും സിപിഐ എമ്മിനെയും ഇടതുപക്ഷ യുവജന﹣വിദ്യാർഥി പ്രസ്ഥാനത്തെയും താറടിക്കണം. അതിനുള്ള അവസാന വഴിയായിരുന്നു മുഖ്യപ്രതി മുഹമ്മദ് സൈബർ സഖാവ് എന്ന നുണ.









0 comments