'വര്ഗീയ ശക്തികളെ തെല്ലും ഭയക്കുന്നില്ല; മഹാരാജാസില് തന്നെ തുടര്ന്ന് പഠിക്കും ആ പഴയ എസ്എഫ്ഐക്കാരനായി': ഉറച്ച ശബ്‌ദത്തോടെ അര്ജുന് പറഞ്ഞു

കൊച്ചി > ഇല്ല ഭയക്കുന്നില്ല.. വര്ഗീയ ശക്തികളെ തെല്ലും ഭയക്കുന്നില്ല... ഒട്ടും പതറാതെ തന്നെ അര്ജുന് പറഞ്ഞു. അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള് കൊലപ്പെടുത്തിയപ്പോള് തലനാരിഴക്ക് ജീവന് തിരിച്ചുകിട്ടുകയും, പിന്നീട് ധീരതയോടെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അര്ജുന്റെ വാക്കുകളാണിത്.
' വര്ഗീയ ശക്തികളെ തെല്ലും ഭയക്കുന്നില്ല, മഹാരാജാസില് തന്നെ തുടര്ന്ന് പഠിക്കും. ആ പഴയ എസ്എഫ്ആഐക്കാരനായി'; തന്റെ ഫേസ്ബുക്ക് പേജില് അര്ജുന് കൃഷ്ണ എഴുതി.
ജൂലൈ ഒന്നിന് രാത്രിയാണ് എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് കൊലയാളികള് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. നെഞ്ചില് കുത്തേറ്റ എസ്എഫ്ഐ നേതാവ് അഭിമന്യു സംഭവസ്ഥലത്തുതന്നെ പിടഞ്ഞുവീണു മരിച്ചു. ഒപ്പം കുത്തേറ്റ അര്ജുന് രാത്രിതന്നെ ശസ്ത്രക്രിയ നടത്തിയതിനാല് ജീവന് തിരിച്ചുകിട്ടി.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്ന്ന് അര്ജുനെ ശനിയാഴ്ച ആശുപത്രിയില്നിന്നു വിട്ടയക്കുകയായിരുന്നു. അച്ഛന് എം ആര് മനോജ്, അമ്മ ജെമിനി, സഹോദരി ലക്ഷ്മി, മറ്റ് ബന്ധുക്കള് എന്നിവര്ക്കൊപ്പമാണ് അര്ജുന് ആശുപത്രി വിട്ടത്.
കരളിനും കുടലിനും മുറിവേറ്റ അര്ജുന് 15 ദിവസമായി എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്ചികിത്സയുടെ ഭാഗമായി എറണാകുളത്തെ ബന്ധുവീട്ടിലേക്കാണ് ഇപ്പോള് മാറ്റിയിരിക്കുന്നത്.









0 comments