'കോഴിക്കൂട്' മേയാന്‍ മാത്രമല്ല; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇങ്ങനെയും പ്രയോജനപ്പെടുത്താം

ഒറ്റപ്പാലം > ഫുട്‌ബോള്‍ ആരാധകര്‍ മത്സരിച്ചുയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇനി നിര്‍ധന കുടുംബങ്ങള്‍ക്കു തണലൊരുക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്താണ് ലോകകപ്പിനെ വരവേറ്റ് ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ശേഖരിച്ചു നിര്‍ധന കുടുംബങ്ങളുടെ വീടുകള്‍ മേയാന്‍ നല്‍കുന്നത്.
അമ്പലപ്പാറ, അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വലപ്പുഴ, വാണിയംകുളം, ലക്കിടിപേരൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധി.
ആരാധകര്‍ കൈമാറുന്ന ഫ്‌ളക്‌സുകള്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ വീട് മേയാന്‍ സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണിത്. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇതു പ്രയോജനപ്പെടും.
ബ്ലോക്ക് പഞ്ചായത്തിനെ സമീപിക്കുന്നവര്‍ക്ക് ജനപ്രതിനിധികള്‍ അന്വേഷണം നടത്തിയ ശേഷം ഫ്‌ലക്‌സുകള്‍ കൈമാറും. ചെറുതും വലുതുമായ ഫ്‌ലക്‌സുകള്‍ പരമാവധി കേടുപാടുകൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍ അറിയിച്ചു.









0 comments