മഞ്ചേരി മെഡിക്കല്‍ കോളേജ്: 103 കോടി ചെലവിട്ട് ഹോസ്റ്റല്‍ -ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു

മഞ്ചേരി > മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കം ക്വേട്ടേഴ്‌സ് സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 103 കോടി ചെലവിട്ട് ആറുകെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) നിര്‍ദേശപ്രകാരമുള്ള ഭൗതിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളാണ് ഒരുക്കുന്നത്. കിറ്റ്‌കോ ലിമിറ്റഡിനാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതല.
പുതിയ അക്കാദമിക കെട്ടിടത്തിന്റെ പുറകിലുള്ള സ്ഥലത്താണ് കെട്ടിട സമുച്ചയങ്ങള്‍ ഒരുക്കുക. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ഭൂമിയുടെ ചായ്‌വുള്‍ക്ക് അനുസൃതമായാണ് കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കൊച്ചി ആസ്ഥാനമായുള്ള കെട്ടിട നിര്‍മ്മാണ കമ്പനിയായ ശില്‍പ്പ പ്രൊജക്ട്‌സിന് നിര്‍മാണത്തിന് സൈറ്റ് കൈമാറിയതായി കിറ്റ്‌കോ പ്രതിനിധി എം എസ് ഷാലിമാര്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണത്തിന് 69.85 ലക്ഷവും കുടിവെള്ളം വൈദ്യുതി അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 33 ലക്ഷവുമാണ് വകയിരുത്തിയത്. 15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍, അധ്യാപക അനധ്യാപക ഹോസ്റ്റലുകള്‍, ഇന്റേണല്‍ ഹോസ്റ്റല്‍, ഓഡിറ്റോറിയം ഉള്‍പ്പെടെ മൂന്ന് മുതല്‍ ആറു നിലകളുള്ള ആറ് കെട്ടിടങ്ങളാണ് പണിയുന്നത്.
കൊച്ചി ആസ്ഥാനമായുള്ള വന്‍കിട കെട്ടിട നിര്‍മ്മാണ കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 500 വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാകും. അധ്യാപക അനധ്യാപക ജീവനക്കാര്‍, ടെക്‌നീഷ്യന്‍സ് ഉള്‍പ്പെടെയുള്ള 500 പേര്‍ക്കുള്ള താമസ സൗകര്യവുമുണ്ടാവും. ഒപി ബേ്‌ളാക്കിന് മുകളിലെ കെട്ടിടത്തിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്നത്.
ഇവിട നിന്ന് വിദ്യാര്‍ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ രണ്ടു നിലകളിലായി കിടത്തി ചികില്‍സക്കായി നൂറോളം കിടക്കകള്‍ ഒരുക്കാനാകും. നിലവില്‍ കോളജിലും ആശുപത്രിയിലും ഒരുക്കിയ സജ്ജീകരണങ്ങളില്‍ എംസിഐ അധികൃതര്‍ തൃപ്തരാണ്. ആശുപത്രിയിലെ അടിസ്ഥാന സൌകര്യം വികസിപ്പിക്കുന്നതിന് നൂറുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നൂതന ചികില്‍സാ ഉപകരണങ്ങളും സംവിധാനങ്ങളും ഇതിനകം ആശുപത്രിയില്‍ സജ്ജമാക്കി. നിര്‍ദേശപ്രകാരമുള്ള നിയമന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി. നേരത്തെ പരിശോധനയില്‍ ചൂട്ടിക്കാട്ടിയ മുഴുവന്‍ പേരായ്മകളും നികത്താനായത് നേട്ടമായി. ജൂലൈ ആദ്യവാരത്തില്‍തന്നെ പുതിയ ബാച്ചിന് പ്രവേശനം നല്‍കാനും സാധിച്ചു.









0 comments