ഭാര്യയുടേതായി ഫേസ്‌ബുക്ക് പോസ്റ്റില് വന്ന കാര്യങ്ങള് അടിസ്ഥാനരഹിതം: ജോണ് ഫെര്ണാണ്ടസ്

കൊച്ചി > തന്റെ ഭാര്യ എന് പി ജെസിയുടേതായി ഫേസ്ബുക്ക് പോസ്റ്റില് വന്ന കാര്യങ്ങള് അടിസ്ഥാനരഹിതമാണെന്ന് ജോണ് ഫെര്ണാണ്ടസ് എംഎല്എ പ്രസ്താവനയില് പറഞ്ഞു. വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരന് ജെസിയോട് ഫോണില് സംസാരിച്ച കാര്യങ്ങളാണ് ഫേസ്ബുക്കില് വന്നത്. പോസ്റ്റില് പറഞ്ഞ കാര്യങ്ങളെ ജെസിതന്നെ തള്ളിയതാണ്. അതിനെ സിപിഐ എമ്മിനെതിരായി വ്യഖ്യാനിച്ച് മുതലെടുപ്പ് വേണ്ടെന്നും അവര് വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റില് പറഞ്ഞ കാര്യങ്ങള് അടിസ്ഥാനരഹിതവും അവജ്ഞയോടെ തള്ളിക്കളയേണ്ടതുമാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദപ്രസ്ഥാനമായ എസ്ഡിപിഐക്കെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്. ഈ സാഹചര്യത്തില് പ്രതിരോധത്തിന്റെ ഭാഗമായി എസ്ഡിപിഐ പലവിധ തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് എസ്ഡിപിഐക്ക് സിപിഐ എം സഹായമെന്ന വ്യാജവാര്ത്ത.
വര്ഗീയവാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെറുത്തുനില്പ്പ് സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഐ എം. മതേതരത്വത്തിന്റെ സന്ദേശമുയര്ത്തി രാജ്യത്തിനാകെ മാതൃകയായി സിപിഐ എം നിലകൊള്ളുമ്പോള് പാര്ടിയെയും അതിന്റെ പ്രവര്ത്തനങ്ങളെയും ദുര്ബലപ്പെടുത്താന് ശ്രമിക്കുന്ന ശക്തികള്ക്ക് സഹായകരമാകുന്ന ഒരു വാക്കുപോലും സിപിഐ എം പ്രവര്ത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകാന്പാടില്ല.
ന്യൂനപക്ഷ തീവ്രവാദത്തിന്റെ പ്രതിനിധികളായ എസ്ഡിപിഐപോലുള്ള സംഘടനകളും ഭൂരിപക്ഷ വര്ഗീയതയെ പ്രതിനിധാനംചെയ്യുന്ന ആര്എസ്എസും നാടിനാപത്താണ്. ഈ വര്ഗീയ ശക്തികള്ക്കെതിരെ നാട് ഉണര്ന്നുകഴിഞ്ഞു. അതോടൊപ്പം അണിചേരുക എന്നതാണ് മുഴുവന് ജനാധിപത്യശക്തികളുടെയും മനുഷ്യസ്നേഹികളുടെയും കടമയെന്നും ജോണ് ഫെര്ണാണ്ടസ് എംഎല്എ പ്രസ്താവനയില് പറഞ്ഞു.









0 comments