പകൽ ലീഗ‌്; രാത്രി പോപ്പുലർ ഫ്രണ്ട‌് ; എന്നിട്ടും പഴി സിപിഐ എമ്മിന‌്

തിരുവനന്തപുരം
രണ്ടുപതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ വിദ്വേഷത്തിന്റെയും പകയുടെയും വിത്തുവിതച്ച‌് സംഘർഷവും കലാപവും സൃഷ്ടിച്ച‌് മുതലെടുക്കുന്ന തീവ്രവാദസംഘടനയ‌്ക്ക‌് എക്കാലവും ഒത്താശ ചെയ‌്തത‌് മുസ്ലിംലീഗും യുഡിഎഫും. ഒരുവശത്ത‌് ആർഎസ‌്എസിനെയും മറുവശത്ത‌് പോപ്പുലർ ഫ്രണ്ട‌് വകഭേദങ്ങളെയും കൈമെയ‌് മറന്ന‌് സഹായിക്കുകയും ആവശ്യം വരുമ്പോൾ ഈ സംഘടനകളുടെ പിന്തുണ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത‌് മുസ്ലിംലീഗും കോൺഗ്രസുമാണെന്ന‌് കേരളചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. എന്നിട്ടും കുറ്റം സിപിഐ എമ്മിനുമേൽ പഴിചാരി രക്ഷപ്പെടാനാണ‌് മുസ്ലിംലീഗ‌് ജനറൽ സെക്രട്ടറി ശ്രമിക്കുന്നത‌്. എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ പൈശാചികമായി കൊലപ്പെടുത്തിയതോടെ കേരളീയ സമൂഹത്തിൽനിന്ന‌് പോപ്പുലർ ഫ്രണ്ട‌് ഒറ്റപ്പെടുകയും വെറുക്കപ്പെടുകയും ചെയ‌്തതോടെയാണ‌് പഴയ ബന്ധങ്ങൾ മൂടിവച്ച‌് വ്യാജകഥകൾ മെനയുന്നത‌്.
നുണപ്രചാരണത്തിനു പിന്നിലും ലീഗ‌്
നാദാപുരത്ത‌് മുസ്ലിംസ‌്ത്രീയെ ബലാത്സംഗം ചെയ‌്തുവെന്ന വ്യാജകഥ ആരോപിച്ച‌് സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നതുമുതൽ അധ്യാപകന്റെ കൈവെട്ടിയ സംഭവം അടക്കമുള്ള വിഷയങ്ങളിലും ഈ അവിശുദ്ധ കൂട്ടുകെട്ട‌് കാണാം. നാദാപുരം സംഭവംവച്ച‌് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമൊട്ടുക്ക‌് നുണപ്രചാരണം നടത്തിയത‌് യുഡിഎഫും ലീഗുമാണ‌്. തെരഞ്ഞെടുപ്പ‌് കഴിഞ്ഞ‌് യുഡിഎഫ‌് അധികാരത്തിലേറിയതിനുപിന്നാലെയാണ‌് സിപിഐ എം പ്രവർത്തകൻ ഈന്തുള്ളതിൽ ബിനുവിനെ എൻഡിഎഫുകാർ മൃഗീയമായി വെട്ടിക്കൊന്നത‌്. പ്രതികളെ സംരക്ഷിച്ചത‌് ലീഗ‌് നേതൃത്വം. അധ്യാപകന്റെ കൈവെട്ടിയ കേസിലും തീവ്രവാദികൾക്ക‌് ഒത്താശ ചെയ‌്തത‌് ലീഗ‌്. ഇതെല്ലാം മൂടിവയ‌്ക്കാൻ പറയുന്ന കഥകളാകട്ടെ പച്ചക്കള്ളവും. യുഡിഎഫ‌് ദയനീയമായി തോറ്റ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ‌്ഡിപിഐ എൽഡിഎഫിനുവേണ്ടി കൈമെയ‌് മറന്ന‌് പ്രവർത്തിച്ചുവെന്നാണ‌് കെ പി എ മജീദ‌് ആദ്യം പറയുന്ന നുണ. തെരഞ്ഞെടുപ്പുഫലം വന്ന‌് ഇത്രയുംനാൾ ഉന്നയിക്കാത്ത ആരോപണമാണിത‌്. മാത്രമല്ല, ചെങ്ങന്നൂരിൽ ഒരിടത്തും എൽഡിഎഫ‌് ഈ സംഘടനയുടെ സഹായം തേടിയിട്ടുമില്ല.
വെമ്പായത്ത‌് എസ‌്ഡിപിഐയുടെ കപടനാടകം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തദ്ദേശഭരണസ്ഥാപനങ്ങളിൽ ചിലത‌് തേടിപ്പിടിച്ച‌് അവിടെയൊക്കെ സഖ്യമുണ്ടെന്ന‌് സ്ഥാപിക്കാനും ലീഗ‌് ശ്രമിക്കുന്നു.
തലസ്ഥാനജില്ലയിലെ വെമ്പായം പഞ്ചായത്ത‌് ഭരണമാണ‌് ഇതിലൊന്നായി മജീദ‌് ചൂണ്ടിക്കാട്ടുന്നത‌്. ഇവിടെ 21 അംഗ ഭരണസമിതിയിൽ സിപിഐ എമ്മിന‌് ഏഴും സിപിഐക്ക‌് മൂന്നും അംഗങ്ങളാണുള്ളത‌്. കോൺഗ്രസ‌് 8, ബിജെപി 2, എസ‌്ഡിപിഐ 1 എന്നിങ്ങനെയാണ‌് മറ്റു കക്ഷിനില. പഞ്ചായത്ത‌് ഭരണസമിതി നിലവിൽ വന്നയുടൻ പ്രസിഡന്റ‌്, വൈസ‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നപ്പോൾ കോൺഗ്രസ‌് സ്ഥാനാർഥികൾക്കാണ‌് എസ‌്ഡിപിഐ വോട്ട‌് ചെയ‌്തത‌്. ഒമ്പതിനെതിരെ പത്ത‌് വോട്ടിന‌് സിപിഐ എം, സിപിഐ പ്രതിനിധികൾ യഥാക്രമം പ്രസിഡന്റും വൈസ‌് പ്രസിഡന്റുമായി. നാല‌് സ‌്റ്റാൻഡിങ‌് കമ്മിറ്റികളിലേക്കും കോൺഗ്രസും ബിജെപിയും എസ‌്ഡിപിഐയും മുന്നണിയായി മത്സരിച്ചു. മൂന്ന‌് സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സൺസ്ഥാനം കോൺഗ്രസും ഒരെണ്ണം ബിജെപിയും നേടി. എസ‌്ഡിപിഐക്ക‌് സ‌്റ്റാൻഡിങ‌് കമ്മിറ്റി അംഗത്വവും നൽകി. ഇതേസഖ്യം ആറുമാസം കഴിഞ്ഞയുടൻ പ്രസിഡന്റിനും വൈസ‌് പ്രസിഡന്റിനുമെതിരെ അവിശ്വാസം കൊണ്ടുവന്നു. മൂന്നു കക്ഷികളും ഒന്നിച്ചപ്പോൾ 11 വോട്ടിന‌് അവിശ്വാസം പാസായി.
കോൺഗ്രസ‌്‐ബിജെപി‐എസ‌്ഡിപിഐ സഖ്യം വിവാദമായെങ്കിലും സ‌്റ്റാൻഡിങ‌് കമ്മിറ്റി പദവികൾ ഉപേക്ഷിക്കാൻ ഇവർ തയ്യാറായില്ല. ഇക്കാര്യമൊന്നും മജീദ‌് മിണ്ടുന്നില്ല. തുടർന്നുനടന്ന പ്രസിഡന്റ‌്, വൈസ‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് ബിജെപി മാറിനിന്നു. അപ്പോഴും എട്ടിനെതിരെ പത്ത‌് വോട്ടുകൾക്ക‌് എൽഡിഎഫ‌് ജയിക്കുമെന്നിരിക്കെ വിവാദമുണ്ടാക്കാൻ എസ‌്ഡിപിഐ അംഗം എൽഡിഎഫിന‌് വോട്ട‌് ചെയ‌്തു. ധാരണയോ വാക്കാൽ വോട്ട‌് അഭ്യർഥിക്കുകയോ ചെയ്യാതെയാണ‌് എസ‌്ഡിപിഐ ഈ നാടകം കളിച്ചത്. അതിനുശേഷം ഇതുവരെയും ഈ സംഘടനയുമായി ഒരു ബന്ധവുമില്ല. പിന്നീട‌് സിപിഐ എം‐സിപിഐ ധാരണയുടെ ഭാഗമായി പ്രസിഡന്റ‌്, വൈസ‌് പ്രസിഡന്റ‌് പദവികൾ മാറാൻ തീരുമാനിച്ചു. തുടർന്നുള്ള തെരഞ്ഞെടുപ്പിലും എസ‌്ഡിപിഐ നാടകം ആവർത്തിക്കുകയായിരുന്നു. പത്ത‌് അംഗങ്ങളുള്ള എൽഡിഎഫിന‌് സ്വന്തം നിലയിൽ ജയിക്കാൻ കഴിയുമെന്നിരിക്കെ വിവാദം ലക്ഷ്യമിട്ട‌് എസ‌്ഡിപിഐ അംഗം സിപിഐ സ്ഥാനാർഥിക്ക‌് വോട്ട‌് ചെയ‌്തു. എസ‌്ഡിപിഐ കോൺഗ്രസിന‌് വോട്ട‌് ചെയ‌്താൽപ്പോലും ഒമ്പതിനെതിരെ പത്ത‌് വോട്ടിന‌് എൽഡിഎഫ‌് ജയിക്കുമെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു എസ‌്ഡിപിഐയുടെ ഈ നാടകം.
മലപ്പുറം ജില്ലയിൽ ഒരിടത്തും എസ്ഡിപിഐയുമായോ മറ്റ് വർഗീയ തീവ്രവാദ സംഘടനകളുമായോ സിപിഐ എമ്മിന‌് ഒരു ബന്ധവുമില്ല. മജീദ‌് ബന്ധം ആരോപിക്കുന്ന പറപ്പൂരിൽ സിപിഐ എം ജനകീയമുന്നണിയായാണ് മത്സരിച്ചതും വിജയിച്ചതും ഭരിക്കുന്നതും. ജനകീയമുന്നണിയിലുള്ള ആർക്കും വർഗീയ തീവ്രവാദ ബന്ധമില്ല. സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനായ അഡ്വ. സൈഫുന്നീസ എസ്ഡിപിഐയല്ല. അവർ സ്വതന്ത്രയായാണ് മത്സരിച്ചത്. നിയമവിദ്യാർഥിയായിരിക്കെ എസ്എഫ്‌ഐ പ്രവർത്തകയുമായിരുന്ന സൈഫുന്നിസയെ തീവ്രവാദസംഘടനക്കാരിയാക്കി ലീഗ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.
എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരിൽ അധികാരം ഉപേക്ഷിച്ചതാണ് സിപിഐ എമ്മിന്റെ ചരിത്രം. ഫെബ്രുവരി ഒന്നിന് നടന്ന കൊണ്ടോട്ടി നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ വി ഗീത വിജയിച്ചു. എന്നാൽ, എസ്ഡിപിഐ അംഗവും പിന്തുണച്ചതിനാൽ തൊട്ടടുത്ത നിമിഷം സ്ഥാനം രാജിവച്ചു.









0 comments