അഭിമന്യു വായനശാല: തന്റെ എല്ലാ പുസ്തകങ്ങളുടെയും കൈയിലുള്ള പകർപ്പുകൾ നൽകുമെന്ന് കെ ആർ മീര; ഡിസി ബുക്‌സ് ആയിരം പുസ്‌തകം നൽകും

കോട്ടയം > മഹാരാജാസ് കോളേജിൽ എസ്‌ഡിപിഐ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്‌മരണക്കായി വട്ടവടയിൽ ആരംഭിക്കുന്ന വായനശാലക്ക് കൈയിലുള്ള തന്റെ പുസ്‌തകങ്ങളുടെ പകർപ്പുകൾ നൽകുമെന്ന് എഴുത്തുകാരി കെ ആർ മീര. അഭിമന്യു സ്മാരക ഗ്രന്ഥശാലക്ക് പുസ്‌തകം ശേഖരിക്കാനായി സമീപിച്ചവരെയാണ് കെ ആർ മീര ആദ്യം ഇക്കാര്യം അറിയിച്ചത്.
14 പുസ്‌തകങ്ങളാണ് കെ ആർ മീരയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ കൈയിലുള്ള എല്ലാ കോപ്പികളും അഭിമന്യു സ്മാരക ഗ്രന്ഥശാലക്ക് നൽകുമെന്ന് കെ ആർ മീര ദേശാഭിമാനിയോട് പറഞ്ഞു.
അഭിമന്യുവിന്റെ സ്വപ്‌നമായിരുന്നു വട്ടവടയിൽ ഒരു വായനശാലയെന്നത്. അഭിമന്യു കൊല്ലപ്പെട്ടതിനു ശേഷം സാമൂഹ്യമാധ്യമങ്ങൾ ഈ സ്വപ്നം സാക്ഷാൽക്കരിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അഭിമന്യു സ്‌മാരക വായനശാലയിലേക്ക് പുസ്‌തകങ്ങൾ സംഭാവന ചെയ്യാനുള്ള ക്യാമ്പയിൻ സോഷ്യൽമീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് പുസ്‌തകങ്ങൾ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചും സുഹൃത്തുക്കളോട് അഭ്യർഥിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്. നിരവധി പേർ സ്വയം സന്നദ്ധരായി പുസ്‌തകങ്ങൾ ശേഖരിച്ച് വായനശാലക്ക് കൈമാറാനും മുന്നിട്ടിറങ്ങി.
ഇ കെ നായനാരുടെ പുസ്‌തക ശേഖരത്തിൽ നിന്നും അഭിമന്യു സ്‌മാരക ലൈബ്രറിക്ക് പുസ്‌തകങ്ങൾ സംഭാവന ചെയ്യുമെന്ന് ഭാര്യ ശാരദ ടീച്ചർ പറഞ്ഞു. ക്യാമ്പയിൻ ഏറ്റെടുത്ത് ഡിസി ബുക്ക്‌സും ആയിരം പുസ്‌തകങ്ങൾ ഗ്രന്ഥശാലക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.









0 comments