ഹൃദയംപൊട്ടി ആ അച്ഛൻ ചോദിച്ചു... ‘അഭിമന്യുവും അർജുനും ചെയ്ത തെറ്റെന്താണ്...? ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2018, 08:45 PM | 0 min read

കൊച്ചി >‘അവന്റെ ഉള്ളിൽ ഇപ്പോഴും ആ കലാലയത്തോടും പ്രസ്ഥാനത്തോടുമുള്ള അഭിനിവേശമാണ്. ഞാനതിനെ ഒരിക്കലും കെടുത്താൻ  ശ്രമിക്കില്ല. അതിൽനിന്ന് പിന്തിരിപ്പിക്കില്ല. അവൻ ധൈര്യത്തോടെ മുന്നോട്ട‌് പോകട്ടെ.. ’ മഹാരാജാസ‌് കോളേജിൽ വർഗീയ വാദികളുടെ കുത്തേറ്റ‌് ആശുപത്രിയിൽ കഴിയുന്ന അർജുന്റെ അച്ഛൻ മനോജ‌്  വികാരഭരിതനായി. സിപിഐ എം ജില്ലാകമ്മിറ്റി വർഗീയ തീവ്രവാദത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഭിമന്യുവും അർജുനും ചെയ്ത തെറ്റെന്താണ്...? അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും നന്നായി നടപ്പാക്കാൻ സ്വാധീനമുള്ള പ്രസ്ഥാനത്തിന്റെ പിൻതുടർച്ചക്കാർ ആയതോ..? അർജുന് മഹാരാജാസിൽ പ്രവേശനം കിട്ടിയപ്പോൾ ‘എറണാകുളത്ത് പോകണോ, അത് വലിയ സിറ്റിയാണ്,  പ്രശ്‌നങ്ങളാണ്’ എന്നൊക്കെയുള്ള അങ്കലാപ്പ‌് പ്രകടിപ്പിച്ചു. എന്നാൽ അവന‌് ആത്മവിശ്വാസമുണ്ടായിരുന്നു. അവന് പരിക്കേറ്റതിനേക്കാൾ ദുഃഖമാണ് അഭിമന്യുവിന്റെ വേർപാടിൽ. ഞായറാഴ്ച വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോൾ ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ തളർത്തി. ‘മകനെ...വാരിയെല്ല് തകർന്ന് കത്തികേറിയാണ് എന്റെ കുഞ്ഞ് മരിച്ചത്’ എന്ന് ആ അമ്മ കണ്ണീരോടെ പറഞ്ഞപ്പോൾ ഞാനും കരഞ്ഞു. ആ അച്ഛൻ ജോലിക്ക് പോകുമ്പോൾ അഭിമന്യു ഉറങ്ങിക്കിടക്കുകയായിരുന്നു. പുറത്തേക്ക് വന്ന അവന്റെ കാലുകൾ ആ ചെറിയ കട്ടിലിലേക്ക് കയറ്റിവച്ചാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്.

അഭിമന്യു അവസാനം വായിച്ചത് റോബിൻ ശർമയുടെ ‘നിങ്ങൾ മരിക്കുമ്പോൾ ആര് കരയും’ എന്ന പുസ്തകത്തിന്റെ 76 ‐ാം പേജാണ്. ‘സ്‌നേഹത്തിന്റെ കണക്ക് സൂക്ഷിക്കണം’ എന്ന അധ്യായം വരെ അവൻ വായിച്ച് തീർത്തു. ഇനി വായിക്കേണ്ടിയിരുന്നത്  ‘കൃഷ്ണമണിക്ക് പിറകിൽ സ്ഥാനം പിടിക്കുക’എന്ന അധ്യായമായിരുന്നു. ആ അധ്യായം പോലെ അഭിമന്യു ഇപ്പോൾ കൃഷ്ണമണിക്ക് പിന്നിൽ മറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home