അഭിമന്യുവിന്റെ സ്വപ്നസാക്ഷാൽക്കാരം: വട്ടവടയിലെ ലൈബ്രറിക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്

വട്ടവട > വട്ടവടയിൽ ഒരു ലൈബ്രറി ആരംഭിക്കുകയെന്ന അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി വട്ടവട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാമരാജ്. മുപ്പതു ദിവസത്തിനകം പ്രസ്‌തുത വായനശാല തുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പലകോണുകളിൽ നിന്നും വിദേശത്തു നിന്നും നൂറുകണക്കിന് ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആയിരം ചതുരശ്ര അടി വലിപ്പമുള്ള ലൈബ്രറിയാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ലൈബ്രറി ആക്കാനാണ് ലക്ഷ്യമെന്നും പിന്തുണയുമായി ജനലക്ഷങ്ങൾ ഉള്ളപ്പോൾ മറ്റൊന്നും ചിന്തിക്കുന്നില്ലെന്നും പ്രസിഡന്റ് രാമരാജ് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ കോളേജുകൾ, കോഴിക്കോട് ലോ കോളേജ്, വിവിധ സംഘടനകൾ എന്നിവരെല്ലാമായി ഇപ്പോൾത്തന്നെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ തരാമെന്ന് ഏറ്റിട്ടുണ്ട്. ആരും ഒരു രൂപ പോലും പണമായി അയക്കേണ്ടതില്ലെന്നും പുസ്തകം മാത്രം മതിയെന്നും അയക്കുന്നവർ തങ്ങളുടെ മേൽവിലാസവും ഫോൺ നമ്പറും കൂടി അയക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടനം ഒരു മഹാസംഭവമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വട്ടവട പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.









0 comments