സാംസ്കാരികവിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ട കാലം: എം മുകുന്ദൻ

കണ്ണൂർ
ഫാസിസത്തെയും മതതീവ്രവാദത്തെയും തടയാൻ സാംസ്കാരികവിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിതെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. നാംനേടിയെടുത്ത നവോത്ഥാനമൂല്യങ്ങളും മൂല്യാധിഷ്ഠിത ജീവിതവും അപകടപ്പെടുത്തുന്ന രീതിയിൽ ഇരുണ്ട ശക്തികൾ വളരുകയാണ്. അതിനെ നേരിടാൻ പുസ്തകങ്ങൾ ആയുധങ്ങളാണ്. അതിനാൽ മറ്റേത് മാധ്യമങ്ങൾ വന്നാലും പുസ്തകങ്ങള കൈവിടരുത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതികവിദ്യ മനുഷ്യനെ മാറ്റിമറിക്കുകയാണ്. ലാഭത്തിന്റെ കണക്കിലാണിപ്പോൾ ജീവിതം. എഴുത്തുകാരനാവുന്നത് ലാഭകരമാണെന്ന പ്രചാരണം വന്നാൽ മാത്രമേ പുതുതലമുറ എഴുത്തുകാരനാവണമെന്ന് പോലും ആഗ്രിക്കുകയുള്ളു. മുകന്ദൻ പറഞ്ഞു. ഡോ. കെ പി ഗോപിനാഥൻ രചിച്ച 'പാഠപുസ്തക കവിത ചരിത്രം, വർത്തമാനം' പുസ്തകം എം മുകുന്ദനിൽനിന്ന് കരിക്കുലം കമ്മിറ്റി അംഗം കെ പ്രഭാകരൻ ഏറ്റുവാങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ അധ്യക്ഷനായി. ഡോ. എം ബാലൻ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ പി യു രമേശൻ, കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദൻ, ഡോ. വിജയൻ ചാലോട്, വിനോയ്തോമസ്, ഡോ. കെ പി ഗോപിനാഥൻ എന്നിവർ സംസാരിച്ചു. എസ് കൃഷ്ണകുമാർ സ്വാഗതവും ഡോ. കെ പ്രമോദ് നന്ദിയും പറഞ്ഞു.









0 comments